

സതീശന്‍റെ മുന്നറിയിപ്പിന് നികേഷ് കുമാറിന്‍റെ മറുപടി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഎം നവമാധ്യമ മേധാവി എം.വി. നികേഷ്കുമാർ. പേടിച്ചു പോയെന്ന് പറഞ്ഞേക്ക് എന്നാണ് നികേഷിന്‍റെ മറുപടി. തനിക്കെതിരേ ദിവസവും പത്ത് വ്യാജ പ്രചാരണ കാർഡുകൾ എകെജി സെന്‍ററിലിരുന്ന് അടിച്ചിറക്കുകയാണെന്നും ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്നും സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുള്ള മറുപടിയാണ് നികേഷ് നൽകിയത്.
ഞാൻ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുകയാണ്. സിപിഎമ്മിന്‍റെ ഒരാൾ അവിടെ ഇരുന്ന് എല്ലാദിവസവും പത്ത് കാർഡ് ഇറക്കുന്നുണ്ടല്ലോ. കെപിസിസിക്ക് സംഭാവനയായി ലഭിച്ച പണം ഞാൻ അടിച്ചുമാറ്റിയെന്നതാണ് കഴിഞ്ഞദിവസം ഇറക്കിയ ഒരു കാർഡ്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി ഇരുന്ന 16 വർഷവും സിപിഎം പിരിച്ച ഫണ്ടെക്കൊ അദ്ദേഹം വീട്ടിൽ കൊണ്ട് പോകുകയായിരുന്നോ. എകെജി സെന്‍ററിൽ നിങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തിൽ എല്ലാദിവസവും പത്ത് കാർഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക് എല്ലാം കഴിയുമ്പോൾ അയാൾക്കെതിരേ ഒർജിനൽ കാർഡ് വരുന്നുണ്ടെന്ന് നികേഷ്കുമാറിന്‍റെ പേര് പറയാതെ സതീശൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നികേഷിന്‍റെ മറുപടി നൽകിയിരിക്കുന്നത്. സതീശന്‍റെ മുന്നറിയിപ്പ് വീഡിയോയും എഫ്ബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.