

നിലമ്പൂരിലെത്തി എം. സ്വരാജ്; ഗംഭീര സ്വീകരണമൊരുക്കി അണികൾ
മലപ്പുറം: എൽഡിഎഫ് സ്ഥാനാർഥി പ്രഖ‍്യാപനത്തിനു പിന്നാലെ നിലമ്പൂരിലെത്തിയ എം. സ്വരാജിന് വമ്പിച്ച സ്വീകരണം. ട്രെയിനിലാണ് സ്വരാജ് നിലമ്പൂരിലെത്തിയത്. ''പോരാളികളുടെ പോരാളി'' തുടങ്ങിയ മുദ്രാവാക‍്യങ്ങൾ മുഴക്കിക്കൊണ്ടായിരുന്നു പ്രവർത്തകർ സ്വരാജിനെ വരവേറ്റത്. വ‍്യത‍്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവർ ഉൾപ്പെടെ പിന്തുണച്ച് എത്തിയിരിക്കുകയാണെന്നും, ആ പിന്തുണ സ്വീകരിക്കുന്നുവെന്നും സ്വരാജ് പറഞ്ഞു.
നിലമ്പൂരിൽ വിജയം നേടുമെന്നും വികസനത്തിന്‍റെ രാഷ്ട്രീയമാണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നതെന്നും സ്വരാജ് കൂട്ടിച്ചേർത്തു. കൂടാതെ, സ്ഥാനാർഥിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തുന്ന രീതിയിൽ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്.
പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയായി സ്വരാജ് എത്തുന്നതോടെ വലിയ ആവേശത്തിലാണ് അണികൾ. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു എം. സ്വരാജിനെ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ‍്യാപിച്ചത്.