
നിലമ്പൂർ 'തൂക്കി' ഷൗക്കത്ത്; പതറാതെ അൻവർ
മലപ്പുറം: ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണലിഉന്‍റെ 12 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ഇനിയൊരു തിരിച്ചു പോക്കില്ലാത്ത വിധം യുഡിഎഫ് വിയം ഉറപ്പിച്ചു കഴിഞ്ഞു. ആര്യാടൻ മുഹമ്മദ് മൂന്നു പതിറ്റാണ്ടുകളോളം വെന്നിക്കൊടി പാറിച്ച മണ്ണിൽ ഇത്തവണ മകൻ ഷൗക്കത്തിന്‍റെ വിജയത്തേരോട്ടമാണ്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ യുഡിഎഫ് ലീഡ് നില നിർത്തിയിരുന്നു.
എൽഡിഎഫ് വിജയം ഉറപ്പിച്ച ബൂത്തുകളിൽ പോലും യുഡിഎഫ് കടന്നു കയറിയതോടെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് വീണ്ടും പരാജയത്തിലേക്ക് വീഴുകയാണ്. എം.സ്വരാജിന്‍റെ ജന്മനാടായ പോത്തുകല്ലിൽ പോലും യുഡിഎഫിന് അനുകൂലമായിരുന്നു ജനവധി.
എൽഡിഎഫിനെ ഉപേക്ഷിച്ച് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ മണ്ഡലത്തിൽ കരുത്തു തെളിയിച്ചു. 12 റൗണ്ടുകൾ പൂർത്തിയാക്കും മുൻപേ 10,000 ത്തിൽ അധികം വോട്ടുകൾ അൻവറിന്‍റെ പോക്കറ്റിലായി.അൻവർ മണ്ഡലത്തിൽ യാതൊന്നുമല്ലെന്ന ഇരു മുന്നണികളുടെയും അവകാശവാദത്തെ കാറ്റിൽ പറത്തുന്ന പ്രകടനമാണ് അൻവർ കാഴ്ച വച്ചത്. ഇനി 9 റൗണ്ടുകൾ കൂടിയാണ് വോട്ടെണ്ണലിൽ ബാക്കിയുള്ളത്. അവസാന ബൂത്തുകൾ എൽഡിഎഫിന് അനുകൂലമായി വിധിയെഴുതിയാൽ പോലും വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയതീരം തൊടുമെന്ന് ഏതാണ്ട് ഉറപ്പായി.