നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പു ചരിത്രം

1965ലാണ് നിലമ്പൂർ മണ്ഡലം നിലവിൽ വന്നത്.
Nilambur by poll electoral history

നിലമ്പൂരിന്‍റെ തെരഞ്ഞെടുപ്പു ചരിത്രം

Updated on

മലപ്പുറം: ചരിത്രം പരിശോധിക്കുകയാണെങ്കിൽ നിലമ്പൂർ ഏറ്റവും കൂടുതൽ കാലം പിന്തുണച്ചിട്ടുള്ളത് കോൺഗ്രസിനെയാണ്. പതിറ്റാണ്ടുകളോളം ആര്യാടൻ മുഹമ്മദ് സ്വന്തമാക്കി വച്ചിരുന്ന മണ്ഡലം തുടർച്ചയായി എൽഡിഎഫിന്‍റെ പോക്കറ്റിലേക്ക് മാറിയത് പി.വി. അൻവർ വന്നതിനു ശേഷമാണ്. അൻവർ എൽഡിഎഫ് വിട്ടതോടെ ഇനി നിലമ്പൂർ ആർക്കൊപ്പം നിൽക്കുമെന്നത് കണ്ടറിയണം.

അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 2700 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് നിലമ്പൂരിൽ വിജയിച്ചത്. അന്ന് പരാജയം രുചിച്ച കോൺഗ്രസ് സ്ഥാനാർഥി വി.വി. പ്രകാശ് 78527 വോട്ടുകൾ സ്വന്തമാക്കിയിരുന്നു.

1965ലാണ് നിലമ്പൂർ മണ്ഡലം നിലവിൽ വന്നത്. ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ജയം സിപിഎമ്മിനായിരുന്നു. കെ. കുഞ്ഞാലിയാണ് ആര്യാടൻ മുഹമ്മദിനെ പരാജയപ്പെടുത്തിയത്. പിന്നീട് 1967ൽ നടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലി സീറ്റ് നില നിർത്തി. 1969 ജൂലായ് 25‌ന് ചുള്ളിയോട് അങ്ങാടിയിൽ നടന്ന വെടിവയ്പ്പിലാണ് കുഞ്ഞാലി മരിച്ചത്. ആ കേസിൽ ആര്യാടൻ മുഹമ്മദ് അറസ്റ്റിലായി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി എം.പി. ഗംഗാധരൻ വിജയിച്ചു.

മന്ത്രിസഭ വീണതിനു പിന്നാലെ നടത്തിയ തെരഞ്ഞെടുപ്പിലും ഗംഗാധരൻ വിജയിച്ചു. 1977ലാണ് ആദ്യമായി ആര്യാടൻ മുഹമ്മദ് വിജയിക്കുന്നത്. 1982ലെ തെരഞ്ഞെടുപ്പിൽ ടി.കെ. ഹംസ ആര്യാടനെ പരാജയപ്പെടുത്തി. പിന്നീട് 1987 മുതൽ 2011 വരെ നിലമ്പൂർ കോൺഗ്രസിനൊപ്പം നിന്നു.

30 വർഷത്തോളം ആര്യാടൻ എംഎൽഎ ആയി തുടർന്നു. 2016ൽ പി.വി. അൻവർ ഇടതു സ്വതന്ത്രസ്ഥാനാർഥിയായി എത്തിയതോടെയാണ് കോൺഗ്രസ് കോട്ട ഇളകിയത്. അന്ന് ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് അൻവർ അധികാരത്തിലറിയത്. 2021ലും വിജയം ആവർത്തിച്ചു. വീണ്ടും ഒരിക്കൽ കൂടി ആര്യാടനും അൻവ‌റും പരസ്പരം ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമാണെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com