വിലപേശലിൽ വീഴാതെ യുഡിഎഫ്, അയഞ്ഞ് അൻവർ

സ്ഥാനാർഥി ചർച്ചകളുമായി എൽഡിഎഫ്, ബിഡിജെഎസിന് സീറ്റ് നൽകി ബിജെപി
nilambur byelection udf and anwar

വിലപേശലിൽ വീഴാതെ യുഡിഎഫ്, അയഞ്ഞ് അൻവർ

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: നിലമ്പൂരില്‍ അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച യുഡിഎഫ് ഒരു പടി മുന്നിലാണെങ്കിലും വിലപേശല്‍ തന്ത്രവുമായി മുൻ ഇടതു സ്വതന്ത്ര എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അന്‍വര്‍ ഉടക്കി കളം നിറഞ്ഞു നിൽക്കുന്നത് മുന്നണിയിൽ കല്ലുകടിയായി.

മുസ്‌ലിം ലീഗ് നേതൃത്വവും ചില കോൺഗ്രസ് നേതാക്കളും അൻവറിനെ അനുനയിപ്പിക്കാൻ ഒരു വശത്ത് ശ്രമിക്കുമ്പോൾ അൻവറെ പൂർണമായും ഒഴിവാക്കണമെന്ന അഭിപ്രായമാണ് മറുഭാഗത്ത് യുഡിഎഫിൽ ഉയരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുവ കോൺഗ്രസ് നേതാക്കളുമടക്കം നിലപാട് കടുപ്പിച്ച് തുടങ്ങിയതോടെ അൻവർ തന്‍റെ ഉപാധികളിൽ വിട്ടുവീഴ്ച ചെയ്യുതായാണ് വിവരം.

കോൺഗ്രസ് പ്രവർത്തക സമതി അംഗവും കെപിസിസി മുൻ പ്രസിഡന്‍റുമായ കെ. സുധാകരന് അൻവറിനെ ഒപ്പം നിർത്താൻ ആഗ്രഹമുണ്ടെങ്കിലും സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരായ പ്രസ്താവനയ്ക്കു ശേഷം വി.ഡി സതീശനും പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും അൻവറിനോടു താൽപര്യം കുറഞ്ഞിട്ടുണ്ട്. സുധാകരന്‍റെ വിശ്വസ്തർ ചൊവ്വഴ്ച അൻവറുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും സ്ഥാനാർഥിയെ കുറിച്ചുള്ള പരാമർശമെത്തിയതോടെ യുഡിഎഫ് പ്രവേശന വാതിൽ അടഞ്ഞ മട്ടാണ്.

അതേസമയം, അന്‍വറിന് യുഡിഎഫില്‍ പ്രവേശനവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറച്ച മണ്ഡലവും എന്ന വാഗ്‌ദാനം നല്‍കി ലീഗ് തലത്തിൽ ചർച്ചകളും നടക്കുന്നുണ്ട്. ലീഗിനെ കൂടി ഈ വിഷയത്തിലേക്കു വലിച്ചിടുന്നതിന്‍റെ ഭാഗമായി അന്‍വര്‍ ഇന്നലെ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി. അവിടെ പറഞ്ഞ ഏക ഉപാധി യുഡിഎഫ് പ്രവേശനമാണ്. പക്ഷേ, തൃണമൂൽ നേതാവെന്ന നിലയിൽ അൻവറെ ചേർക്കാൻ കോൺഗ്രസിനു താൽപര്യമില്ല. അതിനാൽ അൻവർ ഇടതും വലതുമില്ലാതെ പുറത്തു നിൽക്കാനാണ് സാധ്യത.

അതിനിടെ, സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസില്‍ ചർച്ചകൾ ആരംഭിച്ചു. ജൂണ്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അതിനു മുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ആലോചന. എം. സ്വരാജ് സ്ഥാനാര്‍ഥിയാകണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് പാര്‍ട്ടി പച്ചക്കൊടി കാട്ടിയേക്കില്ല. സെക്രട്ടേറിയറ്റ് അംഗത്തെ ഉപതെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ നേതൃത്വത്തിന് താത്പര്യമില്ല. ഒരു പൊതു സ്വതന്ത്രനിലേക്കുള്ള ആലോചനകളാണ് പാര്‍ട്ടിയില്‍ സജീവം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ യു. ഷറഫലി, മലയോര കുടിയേറ്റ മേഖലയില്‍ നിന്നുള്ള ക്രിസ്ത്യന്‍ മുഖമായ ജില്ലാ പഞ്ചായത്തംഗവും സിപിഎം എടക്കര ഏരിയാ കമ്മിറ്റി അംഗവുമായ ഷെറോണ റോയ്, യുവ മുഖം എന്ന നിലയില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്‍റ് പി. ഷബീര്‍ എന്നിവരിലേക്കാണ് ആലോചനകള്‍ തത്കാലം എത്തി നില്‍ക്കുന്നത്. ഒരു സര്‍പ്രൈസ് സ്ഥാനാര്‍ഥി രംഗ പ്രവേശം ചെയ്‌താലും അത്ഭുതപ്പെടാനില്ല.

മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് ബിജെപി. സീറ്റ് ബിഡിജെസിനു കൈമാറാനാണ് നേതൃത്വത്തിന്‍റെ ആലോചന. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചതെങ്കിലും സീറ്റ് കൈമാറുന്നതിൽ ചില നേതാക്കൾക്ക് അതൃപ്‌തിയുണ്ടെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com