
പെട്ടി പരിശോധന അപമാനിക്കാനെന്ന് കോൺഗ്രസ്; സ്വഭാവിക നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
നിലമ്പൂർ: നിലമ്പൂരിൽ വെള്ളിയാഴ്ച രാത്രി കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസുകാർ പരിശോധിച്ചതിൽ പ്രതിഷേധം ശക്തം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ചിരുന്ന വാഹനം നിർത്തി ഡിക്കിയിലുണ്ടായിരുന്ന പെട്ടി പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. നിലമ്പൂരിലെ വടപുറത്ത് വച്ച് രാത്രി 10.30 ഓടെയായിരുന്നു പരിശോധന.
പെട്ടി പരിശോധിച്ച ശേഷം പോയ്ക്കോളാൻ പറയുകയും ചെയ്തു. എന്നാൽ, കോൺഗ്രസ് നേതാക്കൾ തട്ടികയറുകയായിരുന്നു. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. കോൺഗ്രസുകാരുടെ വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും, ഇത് പാലക്കാടിന്‍റെ തനിയാവർത്തനമാണെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു.
എന്നാൽ, കോൺഗ്രസ് നേതാക്കളുടേതെന്നല്ല എല്ലാവരുടെയും വണ്ടി പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. ഇതൊരു സ്വഭാവിക നടപടി മാത്രമാണ്. രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. രാവിലെ കെ. രാധാകൃഷ്ണൻ എംപിയുടെ വാഹനവും പരിശോധിച്ചിരുന്നതായി തെരഞ്ഞടുപ്പ് കമ്മിഷണർ ചൂണ്ടിക്കാട്ടി.