നിലമ്പൂർ വിധിയെഴുതി; ജനവിധിയറിയാൻ ഇനി മൂന്നു നാൾ

5 മണിവരെ 70.76 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്
nilambur bypoll voting

നിലമ്പൂർ വിധിയെഴുതി; ജനവിധിയറിയാൻ ഇനി മൂന്നു നാൾ

Updated on

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിങ് സമയം അവസാനിച്ചു. കനത്ത മഴ തുടരുമ്പോഴും മികച്ച ജനപങ്കാളിത്തമാണ് വോട്ടെടുപ്പിലുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ട കണക്കു പ്രകാരം അഞ്ച് മണിവരെ 70.76 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. അന്തിമ കണക്കുകളിൽ പോളിങ് ശതമാനം ഇനിയും ഉയരും. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.

1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സുരക്ഷയൊരുക്കി. നിലമ്പൂര്‍ മണ്ഡലത്തിന്‍റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു.

നിയോജകമണ്ഡലത്തിലെ 263 പോളിങ് ബൂത്തുകളെ പൊലീസിന്‍റെ 17 ഗ്രൂപ്പ് പട്രോളിംഗ് ടീമുകളായി തരം തിരിച്ചു. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ബൂത്തുകളിലും കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് സ്‌കീം പ്രകാരം സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒരു കമ്പനി എപി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയിലുണ്ട്. സ്ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ഇന്നര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി ഒരു പ്ലാറ്റൂണ്‍ സിഎപിഎഫ് സേനാംഗങ്ങളെയും ഔട്ടര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരും ആറ് സബ് ഇന്‍സ്പെക്ടര്‍മാരും രണ്ട് പ്ലാറ്റൂണ്‍ സായുധ സേനാംഗങ്ങളും ഉള്‍പ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

10 സ്ഥാനാര്‍ഥികള്‍

അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) - താമര

ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ

എം. സ്വരാജ് (സിപിഎം) - ചുറ്റികയും അരിവാളും നക്ഷത്രവും

സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) - ബലൂണ്‍

പി.വി അന്‍വര്‍ (സ്വതന്ത്രന്‍) - കത്രിക

എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) - ടെലിവിഷന്‍

പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) - കിണര്‍

വിജയന്‍ (സ്വതന്ത്രന്‍) - ബാറ്റ്

സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) - ഗ്യാസ് സിലിണ്ടര്‍

ഹരിനാരായണന്‍ (സ്വതന്ത്രന്‍) - ബാറ്ററി ടോര്‍ച്ച്

മണ്ഡലത്തിലെ വോട്ടര്‍മാർ

പുരുഷ വോട്ടര്‍മാര്‍ -1,13,613

വനിതാ വോട്ടര്‍മാര്‍- 1,18,760

ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍- എട്ട്

7787 പുതിയ വോട്ടര്‍മാർ

പ്രവാസി വോട്ടര്‍മാര്‍-373

സര്‍വീസ് വോട്ടര്‍മാര്‍-324

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com