നിമിഷ പ്രിയയുടെ മോചനം; മാപ്പപേക്ഷയുമായി അമ്മ യെമനിലേക്ക്

നിലവിൽ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല
Premakumari | Nimisha Priya
Premakumari | Nimisha Priya file image

പിറവം: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി ഇന്ന് യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക് ഒപ്പം സേവ് നിമിഷപ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമും യമനിലേക്ക് പോകും. ശനി വെളുപ്പിന് കൊച്ചിയിൽ നിന്ന് മുംബൈ വഴിയാണ് ഇരുവരും യെമനിലേക്ക് തിരിക്കുന്നത്. മുംബൈയിൽ നിന്ന് യെമനിലെ എഡെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ആദ്യമെത്തുക. അവിടെ നിന്ന് കരമാർഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ഇരുവരും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ചേക്കും.

നിമിഷ പ്രിയയുടെ മോചന കാര്യത്തിൽ നൂറു ശതമാനം പ്രതിക്ഷയുണ്ടെന്ന് നിമിഷയുടെ അമ്മ പി പ്രേമകുമാരിയും കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഴ്ചയിൽ ഒരിക്കലെങ്കിലും നിമിഷയുമായി ഭർത്താവും കുട്ടിയുമുൾപ്പെടെ ഫോണിൽ സംസാരിക്കാറുണ്ട്. പരസ്പരം ആശ്വസിപ്പിക്കും. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലും നേരിട്ടറിയാത്ത നിരവധിയാളുകളും സഹായവുമായി ഉണ്ടെന്നും എല്ലാവർക്കും നന്ദി പറയുന്നതായും കുടുംബം അറിയിച്ചു.

കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ നിമിഷയുടെ മകളും ഭർത്താവും യമനിലേക്ക് പോകുന്നില്ല. അമ്മയ്ക്ക് നിമിഷയെ കാണുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഡൽഹി ഹൈക്കോടതിയിയെ സമീപിച്ചതെന്ന് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ പറഞ്ഞു. ബ്ലഡ് മണി നൽകുന്നതിനെ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഗോത്രത്തലവൻമാരുമായി നിരവധി തവണ അനൗപചാരിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.വിവിധ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ യമനികളും എം എ യൂസഫലി ഉൾപ്പെടെ നിരവധി പ്രമുഖരും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിമിഷ നഴ്സായതിനാൽ ജയിലിൽ സേവനം തുടരുന്നുണ്ട്. ആ നിലക്ക് നല്ല പരിഗണന അവിടെ നിന്നുണ്ടാകുന്നുണ്ടെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു

നിലവിൽ യെമനിലെ സർക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. യമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സഹചര്യത്തിൽ സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് യെമനിലെ ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. നിമിഷ പ്രിയയയുടെ അമ്മയ്ക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ കേസ് നടത്തുകയും, വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നത് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ്. നിമിഷപ്രിയയുടെ കുടുംബം യെമൻ സന്ദർശിച്ചാൽ അവിടെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്‌ടർ തനുജ് ശങ്കർ അമ്മ പ്രേമകുമാരിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കിയിരുന്നു.

യെമൻ പൗരൻ തലാൽ അബമഹ്‌ദി 2017- ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്‍റെ പ്രതീക്ഷ. വാർത്താ സമ്മേളനത്തിൽ നിമിഷയുടെ ഭർത്താവ് ടോമി തോമസ്, മകൾ മിഷേൽ ടോമി തോമസ് എന്നിവർ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com