നീണ്ട 12 വർഷങ്ങൾക്കു ശേഷം...; നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി

കൊലക്കേസിൽ 2017 മുതൽ യെമനിലെ ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ
Premakumari & Samuel Jerome Bhaskaran  | Nimisha Priya
Premakumari & Samuel Jerome Bhaskaran | Nimisha Priya

തിരുവനന്തപുരം: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. പ്രേമകുമാരിക്കും ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമിനോടും ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജയിലിൽ എത്താനാണ് നിർദേശം. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്.നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിനായുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു. മോചനത്തിനായുള്ള ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. ശരീയത്ത് നിയമ പ്രകാരമുളള "ബ്ലഡ് മണി' (34 കോടി) കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാലേ നിമിഷപ്രിയയെ മോചിപ്പിക്കാനാകു.

കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ നിമിഷയുടെ മകളും ഭർത്താവും യമനിലേക്ക് പോകുന്നില്ല. അമ്മയ്ക്ക് നിമിഷയെ കാണുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഡൽഹി ഹൈക്കോടതിയിയെ സമീപിച്ചതെന്ന് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ പറഞ്ഞു. ബ്ലഡ് മണി നൽകുന്നതിനെ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഗോത്രത്തലവൻമാരുമായി നിരവധി തവണ അനൗപചാരിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. നിമിഷപ്രിയയുടെ കുടുംബം യെമൻ സന്ദർശിച്ചാൽ അവിടെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ല എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്‌ടർ തനുജ് ശങ്കർ അമ്മ പ്രേമകുമാരിക്ക് കൈമാറിയ കത്തിൽ വ്യക്തമാക്കിയിരുന്നു.

2017 ജൂലൈ 25നാണ് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിൽ നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി എത്തിയ ഇയാൾ നിമിഷയുടെ പാസ്പോർട്ട് പിടിച്ചുവച്ച് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്‍റെ പ്രതീക്ഷ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com