അപകടമുണ്ടായി ഒൻപതാം ദിനം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഞായറാഴ്ചയും തുടരുമെന്ന് അധികൃതർ അറിയിച്ചു
Representative image

പ്രതീകാത്മക ചിത്രം

Updated on

തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചിരിക്കേ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉണ്ടായ ബോട്ടപകടങ്ങളിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. ഒൻപതാം ദിവസമായ ശനിയാഴ്ച നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ജൂലൈ 31ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, മുതലപ്പൊഴി, കൊല്ലം ജില്ലയിലെ നീണ്ടകര എന്നിവിടങ്ങളിലാണ് അപകടം ഉണ്ടായത്. നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞതിനെ തുടർന്നാണ് പൂന്തുറ സ്വദേശി ഗൗതം കൃഷ്ണ (26)യെ കാണാതായത്. ബോട്ടിലുണ്ടായിരുന്ന ഗൗതമിന്‍റെ പിതാവ് രാധാകൃഷ്ണൻ (48), മുത്തച്ഛൻ രാജീവൻ (74) എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ പ്രതിഷേധിച്ചതിനെ തുടർന്ന് ദൗത്യം ശക്തമാക്കിയിരുന്നു. കൂടുതൽ തീരദേശ പൊലീസ് ബോട്ടുകൾ വിന്യസിക്കുകയും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിന് ഉപയോഗിക്കുകയും ചെയ്തു. ശനിയാഴ്ച കായലുകളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും ഗൗതമിനെ കണ്ടെത്താനായില്ല. ഞായറാഴ്ചയും തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം വിഴിഞ്ഞത്തുണ്ടായ അപകടത്തിൽ പുല്ലുവിള സ്വദേശി ജോണിനെയാണ് (54) കാണാതായത്. തമിഴ്നാട് അതിർത്തിയോട് ചേർന്ന തീരപ്രദേശം വരെയും തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും ജോണിനെ കണ്ടെത്താനായില്ല. വൈകിട്ടോടെ തെരച്ചിൽ നിർത്തിവച്ചതായും ഞായറാഴ്ച രാവിലെ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. മുതലപ്പൊഴിക്ക് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഷിജിനെയാണ് (32) കാണാതായത്. ഷിജിനെ കണ്ടെത്തുന്നതിനായി കൃത്യമായ തെരച്ചിൽ നടത്തുന്നില്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷന് സമീപം റോഡിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോൺ ഷിജിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുകയും തെരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com