
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പർക്കപ്പട്ടികയിൽ 173 പേർ
representative image
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള വ്യക്തിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ 100 പേർ പ്രൈമറി കോൺടാക്‌റ്റിലുള്ളവരാണ്. അതിൽ കുടുംബാംഗങ്ങളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
ഇതിൽ തന്നെ 52 പേർ ഹൈ റിസ്ക് കോണ്ടാക്‌ടിൽ ഉൾപ്പെടുന്നവരാണ്. ബാക്കി 73 പേർ സെക്കൻഡറി കോണ്ടാക്‌റ്റാണ്.
മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധ ചികിത്സസയ്ക്കായി പെരിന്തൽമണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.
ആദ്യ ഡോസ് ആന്‍റിബോഡി നൽകിയതിനു ശേഷമാണ് രോഗിയെ കോഴിക്കോട്ടേക്ക് മാറ്റിയത്. രണ്ടാം ഡോസ് ആന്‍റിബോഡി നിലവിൽ രോഗിക്ക് നൽകുന്നുണ്ട്.