
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 1080 പേർ. ഇന്ന് 130 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ 297 പേരുണ്ട്.
ഇന്നലെ നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 72 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 417 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്‍റെ സമ്പർക്ക പട്ടികയിൽ നിലവിൽ 153 പേരാണ് ഉള്ളത്. റീജ്യണൽ വിആർഡി ലാബിൽ ഇന്ന് ലഭിച്ചത് 22 സാംപിളുകളാണ്. കോൾ സെന്‍ററിൽ ഇന്ന് 168 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 671 പേർ കോൾ സെന്‍ററിൽ ബന്ധപ്പെട്ടു. ഇതുവരെ 180 പേർക്കാണ് മാനസിക പിന്തുണ നൽകിയത്. ആവശ്യത്തിന് മരുന്നുകൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
രോഗബാധിതരെ നിരീക്ഷിക്കാൻ മെഡിക്കൽ കോളെജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 62 എണ്ണം ഒഴിവുണ്ട്. 6 ഐസിയുകളും 4 വെന്‍റിലേറ്ററുകളും 14 ഐസിയു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 9 മുറികളും 5 ഐസിയുകളും 2 വെന്‍റിലേറ്ററുകളും 10 ഐസിയു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ 7 മുറികൾ വീതവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയിൽ 10 മുറികളും 8 ഐസിയുകളും 5 വെന്‍റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 10,714 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 15,633 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.
ആന്‍റിബോഡി ഓസ്‌ട്രേലിയയില്‍ നിന്ന്
കേരളത്തില്‍ നിപ്പ വൈറസ് ബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ആന്‍റിബോഡി എത്തിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍). 20 ഡോസ് മോണോക്ലോണല്‍ ആന്‍റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്റ്റര്‍ ജനറല്‍ രാജീവ് ബാല്‍ അറിയിച്ചു. 2018 ല്‍ ആദ്യമായി നിപ്പ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ആന്‍റിബോഡി വാങ്ങിയിരുന്നുവെങ്കിലും 10 രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
അടിയന്തര ഘട്ടത്തിൽ പ്രത്യേക അനുമതിയോടെ മാത്രം നല്‍കുന്ന മരുന്നാണ് മോണോക്ലോണല്‍ ആന്‍റിബോഡി. ഇന്ത്യയ്ക്ക് പുറത്ത് മൊണൊക്ലോണൽ ആന്‍റിബോഡി ഇതുവരെ 14 പേർക്ക് നൽകുകയും അവർ രോഗമുക്തി നേടുകയും ചെയ്തു. നിപ്പ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് കോവിഡിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൊവിഡ് മരണനിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണെങ്കില്‍ 40 മുതല്‍ 70 ശതമാനം വരെയാണ് നിപ്പ ബാധിതരുടെ മരണനിരക്ക്. വവ്വാലുകളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പടർന്നതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. മഴക്കാലത്താണ് വ്യാപനം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.