ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

സംസ്ഥാന സർക്കാരിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയതിനു പിന്നാലെയാണ് നടപടി
nithin raj death, dysp sudheer kallan suspended

ഡോ. എം.കെ. റാം

Updated on

കണ്ണൂർ: ഡെന്‍റൽ കോളെജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ചവരുത്തിയ ഡിവൈഎസ്പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന സർക്കാരിനെതിരേ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയതിനു പിന്നാലെയാണ് നടപടി. സുധീർ കല്ലനെ സസ്പെൻഡ് ചെയ്തുകൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി.

റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരേ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. കേസ് പരിഗണിച്ചപ്പോൾതന്നെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സർവീസിൽ തുടരുകയാണോയെന്ന് കോടതി ആരാഞ്ഞു. സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചിരുന്നു.

ഡോ. റാമിനെ അറസ്റ്റുചെയ്ത നടപടിക്രമങ്ങളിൽ സുപ്രീംകോടതി നിർദേശിച്ച ഗ്രൗണ്ട് ഓഫ് അറസ്റ്റിലെ പിഴവുകൾ കാരണം വിട്ടയച്ചിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് പൊലീസ് രണ്ടാമത് അറസ്റ്റ് ചെയ്ത ഡോ. റാം നിലവിൽ റിമാൻഡിലാണ്. ഇതിൽ ഡിവൈഎസ്പിയെ കോടതി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഈ സംഭവം ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും വലിയ തിരിച്ചടിയായതായി വിലയിരുത്തിയതിനെത്തുടർന്ന് അന്വേഷണസംഘത്തെയും മാറ്റിയിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ.

logo
Metro Vaartha
www.metrovaartha.com