നിതിൻ രാജിന്‍റെ ആത്മഹത്യ: ഒന്നാം പ്രതി ഡോ. റാം പിടിയിൽ‌

കുടകിൽ നിന്നാണ് റാമിനെ പിടികൂടിയത്
Nithin Raj suicide case: prime accused Dr Ram arrested

നിതിൻ രാജ്, ഡോ. എം.കെ. റാം

Updated on

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കൊളജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിലെ ഒന്നാം പ്രതി ഡോ. റാം പിടിയിൽ. കുടകിൽ നിന്നാണ് റാമിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു.

സുപ്രീംകോടതി റാമിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജിതമാക്കിയത്. ആന്ധ്രപ്രദേശിലെ വിവിധയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ഒടുവിൽ കർണാടകയിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് എന്നാണ് വിവരം.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടയാണ് റാം സുപ്രീംകോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. റാം ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണ സംഘത്തിനു വെല്ലുവിളിയായത്. ഗ്രാമപ്രദേശങ്ങളിൽ അപരിചിതരെ കാണുമ്പോൾ തന്നെ റാമിന് വിവരം ലഭിക്കും. ഇതോടെ ഇയാൾ കടന്നു കളയുകയാണ് ചെയ്തിരുന്നത്.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് ആത്മഹത്യയ്ക്കു പെട്ടെന്നുള്ള പ്രേരണയായതെന്നാണ് ആദ്യം കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയത്. ലോൺ ആപ്പുമായി ബന്ധപ്പെട്ടു നാലുപേരെ നോയിഡയിൽനിന്ന് അറസ്റ്റ് ചെയ്തു. ഡോ. സംഗീത നമ്പ്യാർക്കു മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com