നിവിൻ പോളി ആദ്യ 'വിജിലൻസ് കമാൻഡോ': അഴിമതിവിരുദ്ധ പോരാട്ടവുമായി ചെന്നിത്തല
തിരുവനന്തപുരം: യുവജനതയുടെ സജീവ പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് വിജിലൻസ്- ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന "പ്രോജക്‌റ്റ് സീറോ' പദ്ധതിയുടെ വിജിലൻസ് കമാൻഡോ യുവജന ക്യാംപെയിൻ ഉദ്ഘാടനം ലയോള സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ പൂർണമായും അഴിമതി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'പ്രോജക്‌റ്റ് സീറോ' നടപ്പാക്കുന്നത്. ഓഫീസുകളിൽ എത്തുന്ന സാധാരണക്കാർക്ക് ആത്മാഭിമാനത്തോടെ കാര്യങ്ങൾ നിർവഹിക്കാൻ കഴിയണം. ഫയലുകൾ അനാവശ്യമായി വച്ചുതാമസിപ്പിക്കുന്നതും അഴിമതിയുടെ ഭാഗമാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ യുവജന- പൊതുജന പങ്കാളിത്തം ഉറപ്പാക്കാനാണ് "വിജിലൻസ് കമാൻഡോ' ക്യാംപെയ്ൻ. മയക്കുമരുന്നിനെതിരായ "ഓപ്പറേഷൻ തൂഫാൻ' ജനങ്ങൾ ഏറ്റെടുത്തതുപോലെ "പ്രോജക്‌റ്റ് സീറോ'യും വലിയ വിജയമാകുമെന്ന് മന്ത്രി പറഞ്ഞു.
കൈക്കൂലി കൊടുക്കുന്നതും ശിക്ഷാർഹമാണ്. കൈക്കൂലി നൽകി കാര്യം സാധിച്ചെടുത്ത ഫയലുകൾ വീണ്ടും പരിശോധിക്കുകയും നിയമവിരുദ്ധമായി നേടിയ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്യും. സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ പ്രത്യേക പരീക്ഷയിലൂടെ ഇനി വിജിലൻസിലേക്ക് നിയമിക്കൂ. സഹപ്രവർത്തകരുടെ അഴിമതി തുറന്നുകാട്ടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ 'വിസിൽ ബ്ലോവേഴ്‌സ്' ആയി അംഗീകരിച്ച് പാരിതോഷികം നൽകും.
വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് ചലച്ചിത്ര നടൻ നിവിൻ പോളിയെ സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ ആയി മന്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കമാൻഡോ ബാഡ്ജ് കൈമാറി. നിവിൻ പോളി വിദ്യാർഥികൾക്ക് യൂത്ത് ഇന്‍റഗ്രിറ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി. മുരളീധരൻ എംഎൽഎ, വിജിലൻസ് ഡയറക്‌റ്റർ ഡിജിപി മനോജ് എബ്രഹാം, വിജിലൻസ് ഐജി പി. തോംസൺ ജോസ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സെക്രട്ടറി ഡോ. കെ. വാസുകി, ലയോള ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്‌റ്ററും മാനെജരുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ, ഡയറക്‌റ്ററും സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ, ലയോള കോളെജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് പിള്ള, എസ്പി എസ്.ആർ. ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു.
ഉദ്ഘാടന പരിപാടിക്കിടെ നിവിൻ പോളിയുടെ പേര് പരാമർശിച്ചപ്പോൾ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴയുണ്ടായി. നിവിൻ പോളിയെ നവീൻ പോളി എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. പിന്നാലെ തെറ്റ് തിരിച്ചറിഞ്ഞ മന്ത്രി, സദസിനോട് തന്നെ തിരുത്താൻ ആവശ്യപ്പെട്ടതോടെ കൈയടിയും ഉയർന്നു. തമിഴ്നാട്ടിൽ നടൻ വിജയ് വിസിലടിച്ച് പ്രചാരണം നടത്തിയതിനു സമാനമായാണ് താനും ആ പാത സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
