ആക്രമണോത്സുകരായി പ്രതിപക്ഷം, പ്രതിരോധിക്കാൻ ഭരണപക്ഷം

എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും അടുത്ത തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കമായി ഈ സമ്മേളനം മാറും
ആക്രമണോത്സുകരായി പ്രതിപക്ഷം, പ്രതിരോധിക്കാൻ ഭരണപക്ഷം

#എം.ബി. സന്തോഷ്

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം കൂടുതൽ ആക്രമണോത്സുകമാവും. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ലോക്സഭാ തെരഞ്ഞെടുപ്പു വിജയം അവർക്ക് കരുത്തേകും. ഭരണപക്ഷം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് തുടർഭരണം ലഭിച്ചത് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാവും ശ്രമിക്കുക.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണങ്ങൾ കൂടുതൽ കടുപ്പിച്ച് ആക്രമിക്കാനാവും പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരേ കോൺഗ്രസ് അംഗമായ ഡോ. മാത്യു കുഴൽനാടൻ എംഎൽഎ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അത് സഭയിൽ ഉന്നയിക്കാനുള്ള ശ്രമമുണ്ടാകും. മുമ്പെന്ന പോലെ അത് സഭയെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. മാത്യു കുഴൽനാടന്‍റെ ഹർജി തള്ളിക്കൊണ്ടുള്ള വിജിലൻസ് കോടതി വിധിയിലെ പരാമർശങ്ങളും അദ്ദേഹത്തിനെതിരേയുള്ള ഭൂമി കൈയേറ്റ ആക്ഷേപവും ഉയർത്തിയാവും ഭരണപക്ഷ പ്രതിരോധം.

സംസ്ഥാന സർക്കാരിന്‍റെ ദുർഭരണത്തിനെതിരായ വിധി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. കഴിഞ്ഞ തവണത്തേതു പോലുള്ള ദയനീയ ഫലം എൽഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്നായിരുന്നു സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും പ്രതികരണം.

എന്നാൽ, തെരഞ്ഞെടുപ്പിലെ തോല്‍വിയെ വിമർശിച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ "വിവരദോഷി' എന്ന് മുഖ്യമന്ത്രി പരാമർശിച്ചത് പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി. ഇത്രയും കനത്ത ആഘാതം ജനങ്ങളില്‍ നിന്നും കിട്ടിയിട്ടും വിമര്‍ശിക്കുന്നവരെല്ലാം വിവരദോഷികളാണെന്ന് പറയാനുള്ള ധാര്‍ഷ്ട്യം മുഖ്യമന്ത്രി കൈവിട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചതിന്‍റെ തുടർച്ച നിയമസഭയിൽ ഉറപ്പാണ്.

നാളെ സഭയുടെ തുടക്കം സൗഹാർദത്തോടെയാവും. രാവിലെ ചോദ്യോത്തര വേള കഴിഞ്ഞ് അല്പസമയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് മെംബേഴ്സ് ലോഞ്ചില്‍ വച്ച് 15ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടൊ എടുക്കും. അതു കഴിഞ്ഞ് അടിയന്തര പ്രമേയം മുതൽ സഭ ചൂടുപിടിക്കും. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും അടുത്ത തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കമായി ഈ സമ്മേളനം മാറും.

ആലത്തൂരിൽ ജയിച്ച പാർലമെന്‍ററികാര്യ മന്ത്രി കൂടിയായ കെ. രാധാകൃഷ്ണൻ ഈ സഭാ സമ്മേളനത്തിനിടെ വടകരയിൽ നിന്ന് എംപിയായ ഷാഫി പറമ്പിലിനൊപ്പം എംഎൽഎ സ്ഥാനം രാജിവയ്ക്കും. പുതിയ പാർലമെന്‍ററികാര്യ മന്ത്രി ഈ സമ്മേളന കാലയളവിനുള്ളിൽ ചുമതലയേൽക്കും. രാജ്യസഭാ തെരഞ്ഞെടുപ്പ് 25നാണ്. 3 ഒഴിവിലേക്ക് 3 പേരുടെ നാമനിർദേശം മാത്രം സമർപ്പിക്കാനിടയുള്ളതിനാൽ വോട്ടെടുപ്പ് വേണ്ടിവരാനിടയില്ല.

നിയമസഭാ സമ്മേളനം നാളെ മുതൽ

തിരുവനന്തപുരം: ബജറ്റിലെ ധനാഭ്യർഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കാനുള്ള നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. 28 ദിവസം നീളുന്ന സമ്മേളനം ജൂലൈ 25ന് അവസാനിക്കും.

ഫെബ്രുവരി 5ന് അവതരിപ്പിച്ച ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന അതത് സബ്ജക്റ്റ് കമ്മിറ്റികള്‍ നിര്‍വഹിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യർഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാനാണ് നീക്കിവച്ചിട്ടുള്ളത്. സമ്മേളന കാലയളവില്‍ 5 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം ഗവണ്മെന്‍റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്.

നാളെ 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിച്ച് സബ്ജക്റ്റ് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയയ്ക്കും. നാളെ രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് മെംബേഴ്സ് ലോഞ്ചില്‍ വച്ച് 15ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും സ്പീക്കർ പറഞ്ഞു.

സമ്മേളനത്തിനിടെ 13, 14, 15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കും. 12 കഴിഞ്ഞാൽ 19നാണ് സഭ ചേരുക. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com