കൊല്ലത്തിന്‍റെ സ്വന്തം 'പ്രേമലു'

കൊല്ലത്തിന്‍റെ സ്വന്തം 'പ്രേമലു'

സ്ഥാനാർഥി വോട്ട് ചോദിച്ചില്ലെങ്കിലും കൊല്ലത്തുകാർക്ക് പരിഭവമില്ലത്രേ, അവരിലൊരാളാണ് ആ കടന്നു പോകുന്നതെന്ന് അവർക്കറിയാം...

ശരത് ഉമയനല്ലൂർ

''പിന്നിട്ട പാതയോരങ്ങളിൽ ആയിരങ്ങളുടെ... പതിനായിരങ്ങളുടെ... സ്വീകരണങ്ങൾ ഏറ്റുവാങ്ങി നമ്മുടെ സാരഥി ഇതാ ഈ വാഹനത്തിന്‍റെ തൊട്ടുപിന്നാലെ കടന്നു വരുന്നു....''

അനൗൺസ്മെന്‍റ് വണ്ടി പതിയെ മുന്നോട്ടു നീങ്ങുമ്പോൾ തൊട്ടുപിറകിൽ കൊല്ലത്തുകാരുടെ സ്വന്തം സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. ജനലക്ഷങ്ങളുടെ കൃതജ്ഞതാസ്മിതങ്ങളേറ്റുവാങ്ങി കൈവീശിക്കാണിച്ച് കടന്നുപോകുന്ന സ്ഥാനാർഥി വോട്ട് ചോദിച്ചില്ലെങ്കിലും കൊല്ലത്തുകാർക്ക് പരിഭവമില്ലത്രേ, അവരിലൊരാളാണ് ആ കടന്നു പോകുന്നതെന്ന് അവർക്കറിയാം.

സ്നേഹവിശ്വാസങ്ങളുടെ പുഴയായി നാടിന്‍റെ സിരകളിലേക്ക് പടരുന്ന സ്ഥാനാർഥി. ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. മികച്ച വാഗ്മി, ജനകീയൻ.... പ്രേമചന്ദ്രനെ കൊല്ലത്തുകാരോട് അടുപ്പിക്കുന്നതിന് കാരണം വേറെ അന്വേഷിക്കേണ്ടതില്ല. യുഡിഎഫിന് കൊല്ലത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ രണ്ടാമത‌ൊന്നു ചിന്തിക്കേണ്ടതായും വരുന്നില്ല. സിറ്റിങ് എംപിയും ആർഎസ്പി നേതാവുമായ എൻ.കെ. പ്രേമചന്ദ്രന്‍റെ പേര് പറയാതെ പറയുന്നു. തുടർച്ചയായി രണ്ടു വിജയങ്ങൾ വീതം രണ്ടു തവണയായാണ് പ്രേമചന്ദ്രൻ ഇവിടെ നാല് വിജയം നേടിയത്. പ്രേമചന്ദ്രന്‍റെ സ്ഥാനാർഥി പ്രഖ്യാപനം തെരഞ്ഞെടുപ്പു ചർച്ചകൾക്കു മുൻപേ തന്നെ വന്നതിനാൽ ചുവരെഴുത്തിലും പ്രചാരണത്തിലും മുന്നിലെത്തി. നിലവിൽ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. കൊല്ലം മണ്ഡലത്തിലെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു തന്നെയാണ് യുഡിഎഫിന്‍റെ വോട്ട് പിടിത്തം.

എൽഡിഎഫിൽ നിന്ന് കൊല്ലത്തെ സിറ്റിങ് എംഎൽഎ എം. മുകേഷും എൻഡിഎയ്ക്കു വേണ്ടി ജി. കൃഷ്ണകുമാറുമാണ് പ്രേമചന്ദ്രനെക്കൂടാതെ കൊല്ലത്തിന്‍റെ അങ്കത്തട്ടിലുള്ളത്. കൈവിട്ട കൊല്ലം മണ്ഡലം തിരിച്ചുപിടിക്കാൻ സിറ്റിങ് എംഎൽഎയായ താരത്തെയിറക്കി എൽഡിഎഫ് മുന്നേറുമ്പോൾ സീറ്റ് നിലനിർത്താനാണ് യുഡിഎഫ് ശ്രമം. വിജയിക്കാൻ പറ്റിയില്ലെങ്കിലും സ്വാധീനം തെളിയിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ.

ദേശിംഗനാടിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം

ഇടതിനെയും വലതിനെയും മാറിമാറി വരിച്ച ഏടാണ് ദേശിംഗനാടായ കൊല്ലത്തിന്‍റെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലുള്ളത്. പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തിൽ ദ്വയാംഗമണ്ഡലങ്ങളുടെ പട്ടികയിലായിരുന്ന കൊല്ലത്തെ 1952ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻ. ശ്രീകണ്‌ഠൻനായരും ആർ. വേലായുധനും പ്രതിനിധാനം ചെയ്തു. 1957ൽ പി.കെ. കൊടിയനും വി. പരമേശ്വരൻനായരുമായിരുന്നു എംപിമാർ. 1962, 1967, 1971, 1977 തെരഞ്ഞെടുപ്പുകളിൽ ആർഎസ്‌പിയിലെ എൻ. ശ്രീകണ്‌ഠൻനായർ വിജയിച്ച് കൊല്ലത്തിന്‍റെ മണ്ണ് ആർഎസ്പിയുടേതെന്ന് കുറിച്ചു. എന്നാൽ, 1980ൽ കോൺഗ്രസിൽനിന്ന്‌ ബി.കെ. നായർ വിജയിച്ചു. 1984, 1989, 1991 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എസ്‌. കൃഷ്‌ണകുമാർ കൊല്ലം യുഡിഎഫിനായി നിലനിർത്തി. 1996ല്‍ ഇടതുമുന്നണിയിലായിരുന്ന ആർഎസ്പിയിൽ നിന്ന് ആദ്യമായി എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്‍റിലേക്ക് മത്സരിക്കാനിറങ്ങി. കൃഷ്ണകുമാറിനെ 78,370 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ പ്രേമചന്ദ്രൻ 1998ല്‍ കോണ്‍ഗ്രസിലെ കെ.സി. രാജനെ 71,762 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. 1996, 98 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച പ്രേമചന്ദ്രനെ തഴഞ്ഞ് 1999 ൽ സീറ്റ് സിപിഎം ഏറ്റെടുത്തു. 1999ല്‍ സിപിഎം സ്ഥാനാര്‍ഥി പി. രാജേന്ദ്രന്‍ കോണ്‍ഗ്രസിലെ എം.പി. ഗംഗാധരനെ പരാജയപ്പെടുത്തി. 2004ല്‍ വീണ്ടും മത്സരിച്ച പി. രാജേന്ദ്രന്‍ കോണ്‍ഗ്രസിലെ ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തി. 2009ല്‍ കോണ്‍ഗ്രസിലെ എന്‍. പീതാംബരക്കുറുപ്പിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.

സിപിഎം സീറ്റ് നിഷേധിച്ച ആർഎസ്പി 2014ൽ യുഡിഎഫിലെത്തി. എൽഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ യുഡിഎഫിനായി മത്സരത്തിനിറങ്ങിയപ്പോൾ എൽഡിഎഫിനു സീറ്റ് നഷ്ടമായി. കുണ്ടറ എംഎൽഎയായിരുന്ന എം.എ. ബേബിയെയാണ് കൊല്ലം പിടിക്കാൻ 2014ൽ സിപിഎം നിയോഗിച്ചത്. പ്രേമചന്ദ്രന്‍റെ ജനകീയതയിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ടു ചോർന്നതോടെ എം.എ. ബേബി തോൽവിയറിഞ്ഞു. 2019ൽ ജില്ലാ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ സിപിഎം രംഗത്തിറക്കിയെങ്കിലും 37,649 ആയിരുന്ന എൻ.കെ. പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം 1,48,856 ആയി ഉയർന്നത് ചരിത്രം.

എതിരാളികളുടെ വിലകുറഞ്ഞ രാഷ്‌ട്രീയം കാര്യമാക്കുന്നില്ല: പ്രേമചന്ദ്രൻ

സര്‍ക്കാര്‍ ബില്ലുകള്‍ക്കുളള ഭേദഗതി, സ്വകാര്യ ബില്ലുകള്‍, സ്വകാര്യ പ്രമേയം, നിരാകരണ പ്രമേയം, ശൂന്യവേള, ചട്ടം 377, 193, പൊയിന്‍റ് ഓഫ് ഓര്‍ഡര്‍ തുടങ്ങി പാര്‍ലമെന്‍ററി ചട്ടങ്ങളുടെയും നടപടികളുടെയും സാധ്യമായ എല്ലാ വ്യവസ്ഥകളും പ്രയോജനപ്പെടുത്തി ദേശീയ-സംസ്ഥാന-പ്രാദേശിക-മണ്ഡലം തലങ്ങളിലുളള ഗൗരവമുളള വിഷയം ലോകസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെന്നതാണ് എംപി എന്ന നിലയിലെ വിലയിരുത്തലെന്ന് എൻ.കെ . പ്രേമചന്ദ്രൻ. ഒട്ടനവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. മണ്ഡലത്തിന്‍റെ വികസനത്തിനു ആക്കം വര്‍ദ്ധിപ്പിച്ചു. ലോകസഭയില്‍ നടന്ന 90% ചര്‍ച്ചകളിലും സജീവമായി പങ്കെടുത്തു. കൊല്ലത്തെ സമ്മതിദായകര്‍ അര്‍പ്പിച്ച വിശ്വാസം ജനന്മയ്ക്കായി പ്രയോജനപ്പെടുത്തുവാന്‍ തീവ്രമായ പരിശ്രമം പാര്‍ലമെന്‍റില്‍ നടത്താന്‍ കഴിഞ്ഞുവെന്നു വിനയപൂര്‍വ്വം സ്ഥാനാർഥി പറയുന്നു. പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ പ്രമുഖ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ഏഴ് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു.

സര്‍ഫസി നിയമ ഭേദഗതി ബില്‍, മെഡിക്കല്‍ പ്രവേശന റഗുലേറ്ററി അതോറിറ്റി ദി ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍ 2017, കശുവണ്ടി വിഷയത്തില്‍ ശക്തമായ ഇടപെടല്‍, വ്യവസായ തൊഴില്‍ സുരക്ഷിത്വത്തിനു വേണ്ടി ലോകസഭയില്‍ നിരന്തരമായി ഇടപെട്ടു. മുസ്‌ലിം വനിതാ വിവാഹ അവകാശ (മുത്തലാഖ്) ബില്ലിനെതിരെ അവതരിപ്പിച്ച നിരാകരണ പ്രമേയം ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും അതില്‍ പതിയിരിക്കുന്ന അപകടം ജനശ്രദ്ധയില്‍ എത്തുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് 21 മിനിറ്റ് നീണ്ട പാര്‍ലമെന്‍റ് പ്രസംഗം ചരിത്ര രേഖയായി മാറി. ഇങ്ങന‌െ അക്കമിട്ടു നിരത്താൻ എംപി എന്ന നിലയിൽ ചെയ്തത പ്രവർത്തനങ്ങൾ നിരവധി.

പാർലമെന്‍റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിനെതിരേ ഇടത് സംഘടനകൾ രംഗത്തു വന്നിരുന്നു. സംഘിയാണെന്നും ബിജെപിയിലേക്കുള്ള ക്ഷണമാണെന്നുമുള്ള ആരോപണങ്ങളെയും പ്രേമചന്ദ്രൻ ‌കൃത്യമായി നേരിട്ടു. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിനെ കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎമ്മിന്‍റെയും ഇടത് തൊഴിലാളിസംഘടനകളുടെയും ശ്രമം അപഹാസ്യമാണെന്നായിരുന്നു പ്രതികരണം.

പാർലമെന്‍റ് സമ്മേളനം അവസാനിക്കുന്ന ദിവസമാണ് പ്രധാനമന്ത്രി, അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് ചെല്ലാൻ ആവശ്യപ്പെടുന്നത്. കാന്‍റീനിലേക്കു കൂട്ടിക്കൊണ്ടുപോയി ഇന്ന് ഉച്ചഭക്ഷണം ഇവിടെനിന്നാകാമെന്ന് പറയുകയായിരുന്നു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നെന്ന് പറയുമ്പോൾ ഒരു എംപിക്ക് പോകാതിരിക്കാനാകില്ല. അദ്ദേഹം ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ രാഷ്‌ട്രീയമായി നിങ്ങളോട് വിയോജിപ്പുണ്ട്, കഴിക്കില്ലെന്ന് പറയാൻ തന്‍റെ രാഷ്‌ട്രീയസംസ്കാരം അനുവദിച്ചില്ല. ഒരുപക്ഷേ, സിപിഎമ്മിന് അതിന് കഴിഞ്ഞേക്കാം. ഒരു സൗഹൃദവിരുന്നായിരുന്നു അത്, അവിടെ രാഷ്‌ട്രീയം ഒരു വിഷയമേ ആയിരുന്നില്ലെന്നും പ്രേമചന്ദ്രൻ. പാർലമെന്‍റിൽ മികച്ചരീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവരാണ് വിരുന്നിന് ഉണ്ടായിരുന്നത്. വിഷയം രാഷ്‌ട്രീയവത്കരിച്ച് വിവാദമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. അത് കേരളജനതയും കൊല്ലത്തുകാരും തിരിച്ചറിയുമെന്നും പ്രേമചന്ദ്രൻ.

ലക്ഷ്യം ഹാട്രിക്

തൊട്ടതെല്ലാം പൊന്നാക്കിയെന്ന ശൈലിപോലെയാണ് എൻ.കെ. പ്രേമചന്ദ്രനെന്ന പൊതുപ്രവർത്തകന്‍റെ രാഷ്‌ട്രീയ ജീവിതം. ജന്മകൊണ്ട് കൊല്ലം കാരനല്ലെങ്കിലും കർമം കൊണ്ട് കൊല്ലത്തുകാരുടെ സ്വന്തം. കൊല്ലം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം കഴിഞ്ഞ് മൂന്നോ നാലോ കിലോമീറ്ററിനുള്ളിലെ നാവായിക്കുളത്ത് 1960ൽ ജനനം. 1985 ല്‍ കേരളയൂണിവഴ്‌സി റ്റിയില്‍ നിന്നു സ്വര്‍ണ മെഡലോടെ എൽഎൽബി ഒന്നാം റാങ്കില്‍ പാസായി. അവിടെ തുടങ്ങുന്നു പ്രേമചന്ദ്രന്‍റെ ജൈത്രയാത്ര.

1987 ൽ നാവായിക്കുളം ഗ്രാമ പഞ്ചായത്ത് അംഗമായി ആദ്യ രാഷ്‌ട്രീയ മത്സര വിജയം. തിരുവനന്തപുരം ജില്ലാകൗണ്‍സിൽ അംഗം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെംബർ, 2000 ൽ ചവറയിൽ നിന്നു നിയമസഭയിലേക്ക്, ജലവിഭവകുപ്പ് മന്ത്രിയായി. 1996, 1998, 2014, 2019 വർഷങ്ങളിൽ പാർലമെന്‍റിൽ. മികച്ച പാർലമെന്‍റേറിയൻ അവാർഡ്, സെപ്ഷ്യല്‍ സന്‍സദ് രത്‌നാ അവാര്‍ഡ്, ഫെയിം ഇന്‍ഡ്യ ബെസ്റ്റ് പാര്‍ലമെന്‍റേറിയന്‍ അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ പ്രഥമരാഷ്‌ട്രസേവാ പുരസ്‌കാരം തുടങ്ങി ഒരു ഡസനിലേറെ പുരസ്കാരങ്ങൾ പൊതുപ്ര‌വർത്തന മികവിന് പ്രേമചന്ദ്രനെ തേടിയെത്തി.

ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഗോദയിലിറങ്ങുന്ന പ്രേമചന്ദ്രന്‍റെ പര്യടനം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. മണ്ഡലം കൺവെൻഷനുകളാണിപ്പോൾ നടക്കുന്നത്. യുവജന വോട്ട് ലക്ഷ്യമിട്ട് കോളെജുകളിലും ക്യാംപസുകളിലും സജീവമായ പ്രചാരണം മുന്നേറുന്നു. പ്രേമചന്ദ്രന്‍റെ ക്യാമ്പസ് പര്യടനം പുനലൂര്‍ എസ്എന്‍ കോളെജില്‍ നിന്നും മാര്‍ച്ച് 22 ന് ആരംഭിക്കും. ഓരോ മണ്ഡലത്തിലെയും ക്യാംപസുകളിലെത്തുന്ന ‌സ്ഥാനാർഥി വെറുതേ വോട്ടഭ്യർഥനയുമായല്ല സൗഹൃദവും കൂടി സ്ഥാപിച്ച ശേഷമാണ് പടിയിറങ്ങുന്നത്.

പാരിപ്പള്ളി യുകെഎഫ് എഞ്ചിനിയറിങ് കോളെജ്, പാരിപ്പള്ളി വലിയ കൂനമ്പായ് കുളം എൻജിനിയറിങ് കോളെജ്, പരവൂർ ഐടിഐ, ചാത്തന്നൂർ എസ്എൻ കോളെജ് എന്നിവിടങ്ങളിലായിരുന്നു പര്യടനം. സന്ദർശിച്ച ഇടങ്ങളിലെല്ലാം മികച്ച പ്രതികരണമെന്നു സ്ഥാനാർഥിയും ഒപ്പമുള്ളവരും അടിവരയിടുന്നു. യുഡിഎഫ് നിയോജക മണ്ഡലതല യോഗങ്ങൾ പൂർത്തിയാക്കി. സ്ഥാനാർഥിയുടെ ആദ്യഘട്ട പര്യടനത്തിനിടെ പോകാൻ കഴിയാതിരുന്ന കശുവണ്ടി ഫാക്റ്ററികളടക്കമുള്ളിടങ്ങളിൽ പര്യടനം തുടരുന്നു. നിയോജക മണ്ഡലംതല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ വിവിധയിടങ്ങളിൽ തുറന്നു. പ്രവർത്തകർ വിവിധ സംഘങ്ങളായി തീരമേഖലയിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

ട്രെൻഡ് സെറ്റർ

ട്രെൻഡിനൊപ്പം നിന്ന് വോട്ടഭ്യർഥനയാണ് സ്ഥാനാർഥിയുടെയും പാർട്ടിയുടെയും തെരഞ്ഞെടുപ്പ് തന്ത്രം. പുറത്തിറങ്ങുന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽപോലും ആ ട്രെൻഡ് നിലനിർത്താൻ ശ്രമിച്ച് വൈറലായി. ഭ്രമയുഗം, പ്രേമലു സിനിമാ പോസ്റ്ററുകളുടെ മോഡലിലെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രേമലുവിന്‍റെ മാതൃകയിൽ "കൊല്ലത്തിന്‍റെ പ്രേമലു' പ്രേമചന്ദ്രൻ എന്ന പോസ്റ്ററാണ് ആദ്യം പുറത്തിറക്കിയത്. മമ്മൂട്ടി നായകനായി തീയെറ്ററിൽ വൻവിജയം തീർത്ത കണ്ണൂർ സ്ക്വാഡിന്‍റെ മാതൃകയിലാണ് രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങിയത്. ഇരു പോസ്റ്ററുകളും എഫ്ബിയിലും ഇൻസ്റ്റഗ്രാമിലും യുവ വോട്ടർമാർക്കിടയിൽ തരംഗമായിരുന്നു. ആർഎസ്പിയുടെ സോഷ്യൽ മീഡിയ സംഘമാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. മമ്മൂട്ടിയുടെ തന്നെ മറ്റൊരു ഹിറ്റ് ചിത്രമായ ഭ്രമയുഗത്തിന്‍റെ മാതൃകയിൽ പുറത്തിറങ്ങിയ "കൊല്ലത്ത് ഇനി പ്രേമയുഗം' എന്ന പോസ്റ്ററാണ് ഒടുവിലത്തേത്. ഫെയ്സ് ബുക്ക് , വാട്സ് ആപ്പ്, ട്വിറ്റർ, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയ ആപ്പുകളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർഥി ഉപയോഗിക്കുന്നു.

21 ലക്ഷം വോട്ടർമാർ

കൊല്ലം ജില്ലയിലാകെ 21,03,448 വോട്ടര്‍മാരാണ് നിലവിലുള്ളത്. ഇതിൽ 56,123 പുതുവോട്ടര്‍മാരാണ്. 2008ലെ മണ്ഡല പുനക്രമീകരണത്തിന്‍റെ ഭാഗമായാണ് കൊല്ലം ലോക്‌സഭാ മണ്ഡലം രൂപീകൃതമായത്. കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളിൽപ്പെട്ട 11 നിയമസഭാമണ്ഡലം ഉൾപ്പെട്ടതാണ്‌ കൊല്ലം ജില്ല. കൊല്ലം, ഇരവിപുരം, ചവറ, ചാത്തന്നൂർ, കുണ്ടറ, ചടയമംഗലം, പുനലൂർ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. ഇതിൽ കുണ്ടറ ഒഴികെ മറ്റെല്ലാം ഇടതു മുന്നണിയുടെ കൈയിലാണ്.

കശുവണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും വോട്ടുകളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിര്‍ണായകമാവുക. അതോടൊപ്പം കൊല്ലം മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ സാമൂദായിക വോട്ടുകള്‍ക്കും പങ്കുണ്ട്.‌ മണ്ഡലത്തില്‍ ആര്‍എസ്പിക്കുള്ള സ്വാധീനവും എൻ.കെ. പ്രേമചന്ദ്രന്‍റെ വ്യക്തി പ്രഭാവവും നേട്ടമാകുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com