
കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ആത്മഹത്യ ചെയ്ത കേസിൽ മുൻകൂർ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം ഹാജരാകുമെന്ന് എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ഞായറാഴ്ച ക്രൈംബ്രാഞ്ചിനെ അറിയിക്കും.
വയനാടിന് പുറത്തുള്ള ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ ജില്ലയിൽ തിരിച്ചെത്തും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
ശനിയാഴ്ചയാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കൾക്കും പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
ജനുവരി 20, 21, 22 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി എൻ.ഡി. അപ്പച്ചനും കെ.കെ. ഗോപിനാഥനും നിർദേശം നൽകിയിരിക്കുന്നത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ 20 മുതൽ 25 വരെയുള്ള തീയതികളിൽ ഏതെങ്കിലും മൂന്നു ദിവസം ഹാജരാകാനാണ് ഐ.സി. ബാലകൃഷ്ണനുള്ള നിർദ്ദേശം.