അരളിപ്പൂവ്
അരളിപ്പൂവ്file

ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന് വിലക്കില്ല; പരിശോധനാ ഫലം വന്നതിനു ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

ആധികാരികമായി അറിയിപ്പ് കിട്ടിയാൽ മാത്രമേ നിർദ്ദേശങ്ങൾ കൈമാറാനാകു എന്ന് ദേവസ്വം.

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജാകാര്യങ്ങളിൽ അരളിപ്പൂവിന് തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൂവിൽ വിഷാംശം ഉണ്ടെന്ന സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കുന്നുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്. എന്നാൽ പൂവിൽ വിഷാംശമുണ്ടെന്ന ആധികാരികമായ നിര്‍ദേശം ലഭിച്ചിട്ടില്ല. സര്‍ക്കാരോ ആരോഗ്യവകുപ്പോ ഇക്കാര്യം അറിയിച്ചിട്ടില്ല. ആധികാരികമായി അറിയിപ്പ് കിട്ടിയാൽ മാത്രമേ നിർദ്ദേശങ്ങൾ കൈമാറാനാകു. അപകടകരമെങ്കിൽ പൂവ് ഒഴിവാക്കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത് അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടതിനെ തുടർന്നാണെന്ന സംശയങ്ങൾ ഉയർന്നിരുന്നു. സൂര്യയുടെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് തുടർന്ന് നടത്തിയ പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേസമയം, ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com