
തിരുവനന്തപുരം: മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരമില്ലാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം വൈകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് ഏതാനും ഘടകകക്ഷി മന്ത്രിമാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ വിശദമായ ചർച്ചയ്ക്കായി മദ്യനയം മാറ്റിവച്ചു.
തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓൺലൈൻ വഴിയാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നു മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.
കള്ളു ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുക, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈ ഡേകളിലും മദ്യം വിൽക്കാൻ അനുമതി നൽകുക തുടങ്ങിയവയാണ് പുതിയ നയത്തിൽ നിർദേശിച്ചിരിക്കുന്ന പ്രധാന മാറ്റങ്ങൾ.
ബാർ കോഴ ആരോപണത്തെ തുടർന്ന് പുതിയ മദ്യനയം നേരത്തെയും മാറ്റി വച്ചിരുന്നു.