

രമേശ് ചെന്നിത്തല, വി.ഡി. സതീശൻ
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ലെന്ന് നേതാക്കളോട് ഹൈക്കമാൻഡ്. ഇതിനായി തർക്കവും വടംവലിയും വേണ്ടെന്നും നിർദേശിക്കുന്നു. കേരളത്തിലെ നേതാക്കൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനുള്ള സംവിധാനവും ഹൈക്കമാൻഡ് പരീക്ഷിക്കും.
എഐസിസി യോഗത്തിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവും. പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ രാഹുൽഗാന്ധിയും നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം വിജയസാധ്യത മാത്രം നോക്കിയായിരിക്കുമെന്നും എഐസിസി അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ കൂട്ടായൊരു പ്രവർത്തനം നടക്കുന്നില്ലെന്ന് എഐസിസി വിമർശിച്ചു. താഴെതട്ടിലെ പ്രവർത്തനം ചാനൽ ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണെന്നും വേണ്ടവിധം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നില്ലെന്നും എഐസിസി വിലയിരുത്തി. തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളാവും കേരളത്തിൽ ഇനി എഐസിസിയുടെ നേതൃത്വത്തിൽ പരീക്ഷിക്കുക.