

വൈകില്ല, റോഡ് പണി 2028ൽ തീരും; ഉറപ്പു നൽകി ഗഡ്കരി
കൊച്ചി:കേരളത്തിലെ ദേശീയപാത നിര്‍മാണം 2028 മെയ് മാസo പൂര്‍ത്തിയാകുമെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. തീരപ്രദേശത്തുകൂടി കടന്നുപോകുന്നതും കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയെയും തമിഴ്നാട് അതിര്‍ത്തിയിലെ കാരോടിനെയും സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ ദേശീയപാത 66-ന്‍റെ 645 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളാ ഭാഗത്തിന്‍റെ നിര്‍മാണമാണ് 2028 മെയ് മാസo പൂര്‍ത്തിയാകുക , ഗഡ്കരി വ്യക്തമാക്കി. ലോക്സഭയില്‍ വടകര എംപി ഷാഫി പറമ്പില്‍, ആലപ്പുഴ എംപി കെസി വേണുഗോപാല്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയില്‍ ആണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2027 ഏപ്രില്‍ 30-നകം പൂര്‍ത്തിയാകുമെന്നും, എന്നാല്‍ ഉയര്‍ന്ന പാതകളുടെ പണി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് മാസത്തില്‍ ഉദ്ഘാടനം ചെയ്ത തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര പാതകള്‍ക്ക് പുറമേ, മറ്റ് ഏഴ് പ്രധാന ഭാഗങ്ങളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഏകദേശം 85 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. കപ്പിരിക്കടവ്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂര്‍, കൊല്ലം ബൈപാസ്-കടമ്പാട്ടുകോണം എന്നീ ഭാഗങ്ങളുടെ പണി 95 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. അതേസമയം തളിപ്പറമ്പ്-മുഴപ്പിലങ്ങാട് (84%), അഴിയൂര്‍-വെങ്ങാലം (68%) എന്നീ ഭാഗങ്ങളുടെ നിര്‍മാണം അല്‍പം പിന്നിലാണ്.
സംസ്ഥാനത്ത് കരിങ്കല്ല്, മണ്ണ് എന്നിവയുടെ ലഭ്യതയിലുള്ള കുറവാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പറയുന്നു. എന്നാല്‍, കരിങ്കല്ല് അതിര്‍ത്തി കടത്തിക്കൊണ്ടുപോകുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണം നിര്‍മാണ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി മൂന്ന് അവലോകന യോഗങ്ങള്‍ നടത്തി. നിര്‍മാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ക്ഷാമം, കാലവര്‍ഷം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഈ യോഗങ്ങളില്‍ ചര്‍ച്ചയായി. എന്നിരുന്നാലും കാലവര്‍ഷം തുടങ്ങിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗത കുറഞ്ഞിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനുള്ള മറ്റൊരു കാരണം തൊഴിലാളികളുടെ ക്ഷാമമാണ്. മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഭൂരിഭാഗം അതിഥി തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയിട്ടില്ല.നിര്‍മാണത്തിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഒരു വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു.