മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതുമായി ബന്ധപ്പെട്ടാണ് അപു ജോൺ ജോസഫിന്‍റെ പ്രതികരണം
Apu John Joseph

അപു ജോൺ ജോസഫ്

Updated on

തൊടുപുഴ: നിർദിഷ്ട പുതിയ മൂവാറ്റുപുഴ ജില്ല രൂപീകരണം സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ തന്നെ നടത്തുന്നത് ശരിയല്ലെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. രാഷ്ട്രീയ മുന്നണികളിലോ സർക്കാർ തലത്തിലോ ഇത്തരമൊരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പ് നൽകിയതുമായി ബന്ധപ്പെട്ടാണ് അപു ജോൺ ജോസഫിന്‍റെ പ്രതികരണം.

"ഇത് എന്‍റെ നിലവിലെ വ്യക്തിപരമായ അഭിപ്രായമാണ്. ഈ ചർച്ച തന്നെ നേരത്തെയുള്ളതാണ്. രാഷ്ട്രീയ മുന്നണികളിലോ സർക്കാർ തലത്തിലോ ഇത്തരത്തിലുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ല''- അപു ജോൺ ജോസഫ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

ദീർഘകാലമായി മാത്യു കുഴൽനാടൻ മൂവാറ്റുപുഴ ആസ്ഥാനമായി പ്രത്യേക ജില്ല വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ അദ്ദേഹം ഇക്കാര്യം ഉന്നയിച്ചപ്പോൾ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണെന്നും ജോസഫ് പറഞ്ഞു. അതിനു പിന്നാലെയാണ് തൊടുപുഴ പുതിയ ജില്ലയുടെ ഭാഗമാകുമോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയരുന്നത്. ആദ്യം ഇക്കാര്യത്തിൽ കൃത്യമായ പഠനം നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി പിന്നാക്ക ജില്ലയാണെന്നും ജില്ലയുടെ ഭൂവിസ്തൃതിയുടെ 50 ശതമാനത്തിലധികം വനമേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമൂലം ഹൈറേഞ്ചിൽ നിർമാണ പ്രവർത്തനങ്ങളും മറ്റ് വികസന പ്രവർത്തനങ്ങളും നടത്തുന്നതിന് ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ഉൾപ്പെടെയുള്ള ലോ റേഞ്ച് മേഖലകളും അറക്കുളം, ഉടുമ്പന്നൂർ തുടങ്ങിയ പഞ്ചായത്തുകളും ഒഴിവാക്കിയാൽ ജില്ലയിലെ വനവിസ്തൃതി 70 ശതമാനത്തിലധികമാകും. ഈ സാഹചര്യത്തിൽ ഇടുക്കിയുടെ വരുമാന ഘടനയും പരിഗണിക്കേണ്ടതുണ്ട്. ജില്ലയിലെ ഏറ്റവും കൂടുതൽ വാണിജ്യ സ്ഥാപനങ്ങൾ തൊടുപുഴ നഗരസഭയിലും സമീപ പ്രദേശങ്ങളിലുമാണുള്ളത്. ഇടുക്കിയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് ഈ മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ജില്ല രൂപീകരിക്കുന്നതിന്‍റെ സാമ്പത്തിക, ഭാഷാപര, ജനസംഖ്യാപരമായ പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച ശേഷമേ തീരുമാനം എടുക്കാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com