എയിംസിനു തറക്കല്ലിടാതെ ഇനി തെരഞ്ഞെടുപ്പിനില്ല: സുരേഷ് ഗോപി

സുരേഷ് ഗോപി

File image

എയിംസിനു തറക്കല്ലിടാതെ ഇനി തെരഞ്ഞെടുപ്പിനില്ല: സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കാൻ ആലപ്പുഴ ഉദയാ സ്റ്റുഡിയോ പരിസരത്ത് 300 ഏക്കർ സ്ഥലം കാണിച്ചുതരാമെന്നും, സർക്കാർ 300 ഏക്കർ കൂടി ഏറ്റെടുക്കണമെന്നും കേന്ദ്ര മന്ത്രി.
Published on
Summary

എയിംസ് സ്ഥാപിക്കാൻ ആലപ്പുഴ ഉദയാ സ്റ്റുഡിയോ പരിസരത്ത് 300 ഏക്കർ സ്ഥലം കാണിച്ചുതരാമെന്നും, സർക്കാർ 300 ഏക്കർ കൂടി ഏറ്റെടുക്കണമെന്നും സുരേഷ് ഗോപി. എയിംസിനു തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ചു വരില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

കോട്ടയം: കേരളത്തിൽ എയിംസിനു തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കോട്ടയത്ത് കലുങ്ക് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണം. അതിനു വേണ്ടി ഉദയാ സ്റ്റുഡിയോ പരിസരത്ത് 300 ഏക്കർ സ്ഥലം കാണിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് 300 ഏക്കർ കൂടി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്നതാണ് കണ്ടിഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയിംസ് വന്നാൽ കേരളത്തിന്‍റെ തലയിലെഴുത്ത് മാറും. അതിനായി തറക്കല്ലെങ്കിലും ഇടാതെ അടുത്തതവണ വോട്ട് ചോദിച്ച് എത്തില്ല. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടു നേരിട്ട് പറഞ്ഞിട്ടുണ്ട്. ആലപ്പുഴ എയിംസ് വന്നാൽ തൊട്ടടുത്ത ജില്ലകൾക്കും ഗുണമാകും. കുമരകം കടന്ന് കോട്ടയം വഴി മധുര വരെയുള്ളവർക്ക് എയിംസ് പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശൂർ പാർലമെന്‍റ് മണ്ഡലത്തിൽ ആരംഭിച്ച കലുങ്കുസഭ തൃശൂർ ജില്ലയ്ക്കു പുറത്ത് ആദ്യമാണു നടത്തുന്നത്. വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള സ്ഥലമല്ല കലുങ്കു സഭയെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

logo
Metro Vaartha
www.metrovaartha.com