തിരുവനന്തപുരം: ത‍്യശൂർ പൂരം കലക്കിയതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ റിപ്പോർട്ട്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ബാഹ‍്യ ഇടപെലുകൾ ഉണ്ടായിട്ടില്ലെന്നും പൂരത്തിലെ പൊലീസ് നടപടി കോടതി നിർദേശം പരിഗണിച്ചാണെന്നും റിപ്പോർട്ടിൽ പറയുന്നു. 1200ലധികം പേജുകളുള്ള റിപ്പോർട്ടാണ് അജിത് കുമാർ ഡിജിപിക്ക് സമർപ്പിച്ചത്.
പൂരത്തിന്‍റെ തുടക്കം മുതലുള്ള കാര‍്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. എത്ര പൊലീസുകാരെയാണ് ഓരോ സ്ഥലങ്ങളിലും വിന്ന‍്യസിച്ചതെന്നും, വെടിക്കെട്ട് നടന്നപ്പോൾ എന്താണ് സംഭവിച്ചതെന്നും തുടങ്ങി പൂരവുമായി ബന്ധപ്പെട്ടുള്ള പൊലീസിന്‍റെ നടപടിക്രമങ്ങളുടെ പൂർണ രൂപമാണ് റിപ്പോർട്ടിലുള്ളത്.
പൂരം കലക്കി എന്ന ആക്ഷേപത്തേ പൂർണമായി തള്ളുന്നതാണ് റിപ്പോർട്ട്. ഗൂഢാലോചനയോ, ബാഹ‍്യ ഇടപെടലോ ഉണ്ടായിട്ടില്ല. ആരെങ്കിലും നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു പൊലീസ് ഉദ‍്യോഗസ്ഥനും പ്രവർത്തിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്‍റെ വീഴ്ച്ചകളെ പറ്റി 12 പേജുകളിലായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പരിചയ സമ്പത്തുള്ള ഉദ‍്യോഗസ്ഥനാണ് അങ്കിത്തെന്നും എന്നാൽ ഈ പരിചയ സമ്പത്ത് വേണ്ടപോലെ ഉപയോഗിച്ചില്ലെന്നും ആക്രമികളെ പെരുമാറുന്ന രീതിയിലാണ് അങ്കിത് അശോകൻ പെരുമാറിയതെന്നും റിപ്പോർട്ടിലുണ്ട്.
തൃശൂർ പൂരം കൈകാര‍്യം ചെയ്യുമ്പോൾ അനുനയശ്രമം നടത്തുന്നതിൽ അങ്കിത് അശോകന് ഗുരുതരമായ വീഴ്ച് പറ്റിയെന്നും ഇതാണ് പൂരം അലങ്കോലപ്പെടാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.