അങ്കമാലി - ശബരിപാത: കേന്ദ്രമന്ത്രിയുടെ മറുപടി തെറ്റിദ്ധാരണാജനകമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത
no failure from kerala on angamaly sabari rail project says minister abdurahman
വി. അബിദുറഹ്മാൻ |അങ്കമാലി - ശബരിപാത
Updated on

തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാനത്തെ റെയ്ല്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറിഹമാന്‍. സംസ്ഥാനത്തെ എല്ലാ റെയ്ല്‍ വികസന പദ്ധതികള്‍ക്കുമെന്ന പോലെ ശബരി പാതക്കും സംസ്ഥാന സര്‍ക്കാര്‍ വളരെ സജീവമായ പിന്തുണയാണ് നല്‍കിവരുന്നത്.

1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത. അലൈന്‍മെന്‍റ് അംഗീകരിക്കുകയും അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോ മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുകയും ചെയ്തതതാണ്. പദ്ധതി ചെലവിന്‍റെ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പു നല്‍കിയതാണ്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു. പദ്ധതി നീണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കണം. കാലതാമസം കാരണം എസ്റ്റിമേറ്റില്‍ വന്‍ വര്‍ദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു. എന്നാല്‍, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വര്‍ദ്ധന. ഇതിന്‍റെ ഭാരവും സംസ്ഥാനം സഹിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതി പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ തുക ബജറ്റില്‍ വകയിരുത്താനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ഒക്ടോബര്‍ 18ന് ന് കേന്ദ്ര റെയ്ല്‍വേ മന്ത്രിയ്ക്ക് കത്തെഴുതി. 2021 ഒക്ടോബറില്‍ റെയ്ല്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചു. അങ്കമാലി- ശബരിപാത ഉള്‍പ്പെടെയുള്ള വിവിധ റെയില്‍വേ പദ്ധതികളുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായി 2023 ജൂണ്‍ 30ന് കത്തെഴുതി. 2021 മുതല്‍ സംസ്ഥാനത്തെ റെയ്ല്‍വേ ചുമതലയുള്ള മന്ത്രിയും കേന്ദ്ര റെയ്ല്‍വേ മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. 2022 ആഗസ്റ്റ്17ന് റെയ്ല്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ഉന്നയിച്ചു. പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും കേന്ദ്ര മന്ത്രിയ്ക്ക് വിശദമായ കത്തയച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും റെയ്ല്‍ മന്ത്രാലയവുമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. എന്നാല്‍, ഒരനക്കവും ഉണ്ടാകുന്നില്ലെന്ന് മന്ത്രി വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.