

പാതയോരത്ത് കൊടിമരവും ബോർഡും ബാനറുകളും വേണ്ട; മാർഗ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പൊതുസ്ഥലങ്ങള്‍, റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്‍റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം. നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുക്കള്‍ക്കും 5,000 രൂപ വീതം പിഴ ചുമത്തണം.
ഇവ നീക്കം ചെയ്യുന്നതിനും ഹോള്‍ഡിങ് ഏരിയയിലേക്ക് മാറ്റുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണം. ഉത്തരവാദികള്‍ക്കെതിരേ നിയമപ്രകാരമുള്ള നടപടികളും സ്വീകരിക്കണം.
അനധികൃത ബോർഡുകൾ അടക്കം നീക്കേണ്ടതും പിഴ ഈടാക്കേണ്ടതും തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ഉത്തരവാദിത്തമായിരിക്കും. ചുമതലയിൽ വീഴ്ച വരുത്തിയാല്‍ സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കും. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനിടെ ആവശ്യമായ സംരക്ഷണം പൊലീസ് നല്‍കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.