

പാട്ടിനെതിരേ ദേവസ്വം ബോർഡ് പരാതി നൽകില്ല.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിന്‍റെ അണിയറക്കാർക്കെതിരായ നടപടിയിൽ ധൃതിവേണ്ടെന്ന് നിർദേശം. കേസെടുത്തതിന് പിന്നാലെ മൊഴിയെടുക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ടെങ്കിലും അറസ്റ്റ് ഉൾപ്പടെ നടപടികൾ ഉടൻ വേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ.
അതേസമയം, പാരഡി ഗാനം സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാൻ നീക്കമുണ്ട്. വീണ്ടും പരാതികളുയർന്നാൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൂടുതൽ കേസെടുകളെടുക്കാനാണ് ആലോചന. ഗാനം പ്രചരിപ്പിച്ച സമൂഹ്യമാധ്യമങ്ങളിൽ നിന്നും ഇത് നീക്കം ചെയ്യാനും നടപടി തുടങ്ങിയിട്ടുണ്ട്.
ഭക്തിഗാനം വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലായാണ് പരാതി നല്‍കിയത്. പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗാനം തയാറാക്കിയ മുഴുവൻപേരെയും പ്രതികളാക്കി ബുധനാഴ്ച രാത്രിയോടെ സൈബർ പൊലീസ് കേസ് എടുത്തു.
ഇന്‍റര്‍നെറ്റ് മാധ്യമം വഴിയും നേരിട്ടും പൊതുജനങ്ങള്‍ക്കിടയിലും വിശ്വാസി സമൂഹത്തിനിടയിലും മതവികാരത്തെ അപമാനിക്കും വിധം മനപൂര്‍വം കരുതലോടെ അയപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. ഗാനരചയിതാവ് ഉൾപ്പെടെ നാലു പേരെ പ്രതി ചേർത്താണ് കേസ്. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഖത്തറിൽ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് എന്ന ഗായകൻ ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്.
പാട്ട് ഹിറ്റായതോടെ സംസ്ഥാനത്തും വിദേശങ്ങളിലുമെല്ലാം സമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചു.ഇതോടെയാണ് പരാതിയെത്തിയത്. അതേസമയം, വിഷയത്തിൽ പരാതിക്കില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിലപാട്. ദേവസ്വം ബോർഡ് നേരിട്ട് പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു.
അങ്ങനെയൊരു ചിന്ത മനസിലില്ല. അയ്യപ്പന്‍റെ പേരിൽ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താൽപര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. എന്നാൽ, വിവാദമായ സാഹചര്യത്തിൽ പാട്ട് കേൾക്കാൻ തീരുമാനിച്ചതായും കെ. ജയകുമാർ പറഞ്ഞു.
അതിനിടെ ഗാനത്തിനെതിരെ പരാതി നൽകിയ ആൾക്കെതിരെയും മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലായ്ക്കെതിരെ പൊതു പ്രവർത്തകനായ കുളത്തൂർ ജയ്സിങ്ങാണ് പരാതി നൽകിയത്. പ്രസാദ് കുഴിക്കാലായുടെ സംഘടനയെകുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിക്കാരന്‍റെ പ്രധാന ആവശ്യം. നേരത്തേ പ്രസാദിന്‍റെ പരാതി തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി ചെയർമാൻ കെ. ഹരിദാസും രംഗത്തുവന്നിരുന്നു. തങ്ങളുടെ സംഘടനയിൽനിന്നും പുറത്തുപോയ വ്യക്തിയാണ് പ്രസാദെന്നും പുതിയ സംഘടന രൂപീകരിച്ചെന്നും ഹരിദാസ് ആരോപിച്ചിരുന്നു.
ഒരു പേരിൽ ഒരു സംഘടനയ്ക്ക് മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും പ്രസാദിന്‍റെ സംഘടനയ്ക്ക് അംഗീകാരമുണ്ടോ എന്നു പരിശോധിക്കണമെന്നുമാണ് കുളത്തൂർ ജയ്സിങ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലഭിച്ച പരാതി അന്വേഷണത്തിനായി മുഖ്യമന്ത്രി ഐജിക്ക് കൈമാറി.