വക്കീൽ ഇല്ല; ഹൈക്കോടതിയിൽ വനംവകുപ്പിനെ തറ പറ്റിച്ച് മെയ്മോൾ

മെയ്മോളുടെ ഭൂമിയുടെ കൈവശാവകാശ രേഖകൾ എല്ലാം വനം വകുപ്പിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയ ശേഷം മെയ്മോൾക്ക് തുക കൈപ്പറ്റാം.

No lawyer; Maymol slams Forest Department in High Court

മെയ്മോൾ

Updated on

കോതമംഗലം: വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് നേരിട്ട് വാദിച്ചു ജയിച്ച സന്തോഷത്തിലാണ്‌ കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ ‌മെയ്മോൾ പി. ഡേവിസ്. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ ആദ്യഗഡുവായി നൽകിയ 22.5ലക്ഷം കഴിച്ചുള്ള തുക രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയിൽ കെട്ടിവയ്ക്കാനാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

വന്യജീവിശല്യം കാരണം റിബിൽഡ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാം (കെ.ഡി.ആർ. പി) അനുസരിച്ച് വനംവകുപ്പിന് കൈമാറിയ ഭൂമിയുടെ നഷ്ട പരിഹാരത്തിനായാണ് കോതമംഗലം, കോട്ടപ്പടി കുർബാനപ്പാറ പൈനാടത്ത് മെയ്മോൾ ഒന്നരവർഷം അഭിഭാഷകരില്ലാതെ നിയമ യുദ്ധം നടത്തിയത്. കോട്ടപ്പടി കുർബാനപ്പാറ മേഖലയിലെ 155 കുടുംബങ്ങൾക്കൊപ്പമാണ് മെയ്മോളും ക്യാൻസർ ബാധിതയായ മാതാവ് മോളിയും കൈവശഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാൽ 2023 ഓഗസ്റ്റ് 22ന് നൽകിയ അപേക്ഷയിൽ നടപടിയുണ്ടായില്ല. മറ്റ് അപേക്ഷകർ മടിച്ചുനിൽക്കെ മെയ്മോൾ ഹൈക്കോടതിയെ സമീപിച്ചു. വക്കീൽ ഇല്ലാതെ കേസ് വാദിച്ചു. 2018ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് റീ ബിൽഡ് കേരള ഡെവലപ്മെന്‍റ് പ്രോഗ്രാം.

വന്യമൃഗശല്യമുള്ള വന പ്രദേശത്ത് താമസിക്കുന്ന, ആദിവാസികൾ അല്ലാത്തവരുടെ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.

മൂന്നു മാസത്തിനുള്ളിൽ വനം വകുപ്പ് മുഴുവൻ തുകയും നൽകണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്. പക്ഷേ, 45ലക്ഷം രൂപയിൽ 22.5 ലക്ഷം നൽകി വനംവകുപ്പ് സ്ഥലം ഏറ്റെട്ടക്കാൻ ശ്രമിച്ചു. ഇതിനെതിരെ മെയ്മോൾ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തു. അനുകൂലവിധി ലഭിച്ചുവെങ്കിലും വനംവകുപ്പ് ഉത്തരവ് ലംഘിച്ചു. മെയ്മോൾ വീണ്ടും കോടതിയെ മെയ്മോൾ സമിപിച്ചപ്പോൾ, വനംവകുപ്പ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തു. ആ കേസിൽ ആണ് ഇപ്പോൾ വിജയം കണ്ടത്. മെയ്മോളുടെ ഭൂമിയുടെ കൈവശാവകാശ രേഖകൾ എല്ലാം വനം വകുപ്പിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയ ശേഷം മെയ്മോൾക്ക് തുക കൈപ്പറ്റാം. കോട്ടപ്പടി പ്ലാമുടി കുർബാനപാറ പരേതനായ ഡേവിസിന്‍റെയും മോളിയുടേയും മകളാണ് 35 കാരിയായ മെയ്മോൾ. ചരിത്രത്തിലും ആർക്കിയോളജിയിലും ബിരുദാനന്തര ബിരുദവും നെറ്റും പാസായിയിട്ടുണ്ട്. വന്യമൃഗശല്യമുള്ള കൃഷി ഭൂമിയിൽ പിതാവിന്‍റെ മരണശേഷം കൃഷിയെ മാത്രം ആശ്രയിച്ചാണ് ഇവരുടെ ജീവിതം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com