

പരീക്ഷണം വേണ്ട, തിരുവനന്തപുരത്ത് സിപിഎം സിറ്റിങ് എംഎൽഎമാർ മത്സരിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനം പിടിക്കാൻ സിറ്റിങ് എംഎൽഎമാരെ മത്സരത്തിനിറക്കാൻ സിപിഎം. നിർണായകമായ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് നിൽക്കേണ്ടെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറാനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.
അതേസമയം, മുൻ മന്ത്രി ആന്‍റണി രാജു തൊണ്ടി മുതൽ കേസിൽ അയോഗ്യനായ സാഹചര്യത്തിൽ തിരുവനന്തപുരം മണ്ഡലം സിപിഎം ഏറ്റെടുക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. ഇക്കാര്യത്തിൽ എൽഡിഎഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ധാരണ. സിറ്റിങ് എംഎല്‍എമാരെ തന്നെ മത്സരിപ്പിക്കാനുള്ള ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചാല്‍ തിരുവനന്തപുരത്തെ സിപിഎം സ്ഥാനാര്‍ഥികള്‍ 10 സിറ്റിങ് എംഎല്‍എമാര്‍ തന്നെയാകും. മന്ത്രി വി. ശിവൻകുട്ടി നേമത്തും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തു നിന്നും മത്സരിക്കും. ജില്ലാ സെക്രട്ടറി വി. ജോയ് വര്‍ക്കലയില്‍ വീണ്ടും ജനവിധി തേടും. ജോയ് മത്സരിക്കണോയെന്നതിൽ ചർച്ചയുണ്ടായെങ്കിലും വർക്കല നിയമസഭാ മണ്ഡലം കൈവിട്ടുപോകാനുള്ള സാഹചര്യം പരിഗണിക്കണമെന്നും ജോയ് തന്നെ വേണമെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്ന ആവശ്യം.
ഇതോടെ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വേണ്ടി വരും. കാര്യങ്ങളില്‍ ജില്ലാ നേതൃത്വം നിലപാടിലെത്തിയെങ്കിലും ഉടനടി തീരുമാനം വേണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. താത്കാലിക ജില്ലാ സെക്രട്ടറിയെ പിന്നീട് തീരുമാനിക്കും. തിരുവനന്തപുരത്തിനൊപ്പം കോവളവും സിപിഎം ഏറ്റെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യമുയർന്നെങ്കിലും ഒരു വിഭാഗത്തിന താത്പര്യമില്ല. മറ്റുള്ള എംഎൽഎമാരായ ആറ്റിങ്ങല്‍- ഒ.എസ്. അംബിക, വാമനപുരം- ഡി.കെ. മുരളി, വട്ടിയൂര്‍ക്കാവ്- വി.കെ. പ്രശാന്ത്, അരുവിക്കര- ജി. സ്റ്റീഫന്‍, പാറശാല- സി.കെ. ഹരീന്ദ്രന്‍, കാട്ടക്കട- ഐബി സതീഷ്, നെയ്യാറ്റിന്‍കര- കെ. ആന്‍സലന്‍ എന്നിവരോട് മത്സരത്തിനൊരുങ്ങാനാണ് സിപിഎം നിർദേശം.