
ദുബായ്: യെമന്‍ പൗരനായ യുവാവു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്‍റ് അനുമതി നല്‍കി. ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വധശിക്ഷക്ക് വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ മോചിപ്പിക്കാൻ ഒട്ടേറെ നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. മോചനശ്രമവുമായി 8 മാസമായി നിമിഷപ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ് ഉള്ളത്.
40,000 യുഎസ് ഡോളറാണ് ചര്‍ച്ചയ്ക്കായി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 20,000 കോടി ഡോളര്‍ നല്‍കിയിരുന്നു. മാപ്പപേക്ഷിച്ച് യെമൻ പൗരന്‍റെ ബന്ധുക്കൾക്ക് ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അതു പരാജയപ്പെട്ടു.
കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി.
അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ബിസിനസിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് തിരിച്ചുപോയത് നിമിഷ മാത്രമാണ്. ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി.
ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം കഴിച്ചു. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ സ്വന്തമാക്കി. പാസ്പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണം വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മര്‍ദിച്ചു.
മഹ്ദിയുടെ മാനസിക- ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ മയക്കു മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം.
നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്.
ഇതിനായി തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.