

file image
കൊച്ചി: കൊച്ചി മെട്രൊയുടെ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അതേപ്പറ്റി നമുക്കൊന്നും അറിയില്ലെന്നും അത് സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളാണെന്നും സതീശൻ പ്രതികരിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ഇതുവരെ ആലോചന നടന്നിട്ടില്ല. സര്‍ക്കാരിന്‍റെ പരിഗണനയിലും ഈ വിഷയമില്ല. സര്‍ക്കാരുമായി ആലോചിക്കാതെ പത്രവാര്‍ത്ത നല്‍കിയതിനോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മെട്രൊ റെയിൽ ലിമിറ്റഡിന്‍റെ പേര് കേരളം മെട്രൊ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കെഎംആർഎൽ ശുപാർശ നൽകിയെന്നായിരുന്നു പുറത്തുവന്ന വിവരം. കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റയാണ് ഇതിനായി സംസ്ഥാന സർക്കാരിന്‍റെ തത്ത്വത്തിലുള്ള അംഗീകാരം തേടി ശുപാർശ സമർപ്പിച്ചതെന്നുമായിരുന്നു വിവരം.
കൊച്ചിയിലെ മെട്രൊ സർവീസുകൾക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റമെന്നാണ് വിശദീകരണം. മറ്റ് സംസ്ഥാനങ്ങളിലും മെട്രൊകളുടെ പേരുകൾ സംസ്ഥാനവുമായി ബന്ധപ്പെടുത്തിയുള്ള (ഉദാ: നാഗ്പൂർ മെട്രൊ മഹാരാഷ്ട്ര മെട്രൊ എന്നും, ലഖ്‌നൗ മെട്രോ ഉത്തർപ്രദേശ് മെട്രൊ എന്നും, അഹമ്മദാബാദ് മെട്രൊ ഗുജറാത്ത് മെട്രൊ ആയും പുനഃസംഘടിപ്പിച്ച മാതൃക ചൂണ്ടിക്കാട്ടുന്നു) ദേശീയ മാതൃക ചൂണ്ടിക്കാട്ടിയാണ് കെഎംആർഎല്ലിന്‍റെ നിർദേശം. എന്നാൽ ഇതിനെ പൂർണമായും തള്ളിക്കൊണ്ടാണ് സതീശന്‍റെ പ്രതികരണം.