

18 വയസ് തികയാത്തവർക്കു മദ്യം വാങ്ങിനൽകിയാൽ കേസെടുക്കാൻ വകുപ്പില്ലെന്ന് എക്സൈസ്
തൃശൂര്‍: പതിനെട്ടു വയസ് തികയാത്തവര്‍ക്ക് മദ്യം വാങ്ങി നല്‍കിയാല്‍ കേസ് എടുക്കാന്‍ വകുപ്പില്ലെന്ന് എക്സൈസ്. മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസാക്കിയതോടെ പ്രായപൂർത്തിയാവാത്തവർക്ക് വാങ്ങിനല്‍കുന്നത് തടയാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യത്തിന് എക്‌സൈസ് വകുപ്പ് മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അബ്കാരി നിയമത്തിലെ സെക്‌ഷൻ 15 എ പ്രകാരം 23 വയസിൽ താഴെയുള്ളവരുടെ മദ്യപാനവും സെക്‌ഷൻ 15 ബി പ്രകാരം ഇവർക്ക് മദ്യം വിൽക്കുന്നതും 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്‌ഷൻ 77 പ്രകാരം 18 വയസിനു താഴെയുള്ളവർക്ക് മദ്യം നൽകുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുറ്റക്കരമാണ്. എന്നാൽ ഇവർക്കെതിരേ നേരിട്ട് കേസെടുക്കാനോ നടപടി സ്വീകരിക്കാനോ എക്സൈസിന് അധികാരമില്ലെന്നാണ് ഡപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരാതികളുടെയും രഹസ്യ വിവരത്തിന്‍റെയും അടിസ്ഥാനത്തിൽ ബോധവത്ക്കരണവും പരിശോധനകളുമാണ് നിലവിൽ എക്സൈസ് നടത്തിവരുന്നത്.
പൊതുപ്രവര്‍ത്തകന്‍ ഷാന്‍റി ജോസഫ് തട്ടകത്ത് നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് എക്‌സൈസ് ഇക്കാര്യങ്ങൾ അറിയിക്കുന്നത്. ബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.