തിരുവനന്തപുരം: വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കില്ലെന്നു തദ്ദേശഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ്. അയൽസംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിൽ വലിയ വർധന ഉണ്ടായിട്ടില്ല. അതിനാൽ പെർമിറ്റ് ഫീസ് കുറയ്ക്കുന്ന കാര്യം ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ സംഘടിപ്പിച്ച നേതാക്കൾക്കൊപ്പം മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ മദ്യനയത്തിനെതിരേ എഐടിയുസി ഉയർത്തിയ എതിർപ്പ് സംബന്ധിച്ച് അവരോട് കാര്യങ്ങൾ വിശദീകരിച്ച് ബോധ്യപ്പെടുത്തും. നിലവിലെ സാഹചര്യത്തിൽ കള്ള് വ്യവസായത്തിന് ഭാവിയില്ലെന്നു വ്യക്തമാണ്. അതിനാൽ അതിനെ ആധുനീകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ഇക്കാര്യം എഐടിയുസിവിനെ ബോധ്യപ്പെടുത്തും. കേരളം മദ്യ ഉപഭോഗത്തിൽ ദേശീയ ശരാശരിയെക്കാൾ പിന്നിലാണ്. മയക്കുമരുന്നിന്റെ ഉപയോഗത്തിലും കേരളം പുറകിലാണ്. കേന്ദ്രസർക്കാരിന്റെ ഈ കണക്കുകൾ നോക്കുമ്പോൾ കേരളത്തിൽ സർക്കാർ മദ്യം ഒഴുക്കുകയാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ്. അദ്ദേഹം വേണ്ടത്ര ജാഗ്രത പുലർത്താതെ കേരളത്തെ അപഹാസ്യപ്പെടുത്തുകയാണെന്നും മന്ത്രി.