

അഗസ്റ്റിൻ സഹോദരന്മാർ
file image
കൊച്ചി: മുട്ടിൽ മരം മുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടിതിയുടേതാണ് നടപടി. റോജി എം. അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരേയാണ് വാറന്‍റ്.
ഈ മാസം രണ്ട് തവണ മുട്ടിൽ മരം മുറി കേസ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ പ്രതികളാരും ഈ രണ്ട് തവണയും ഹാജരായിരുന്നില്ല. പ്രതികൾ തുടർച്ചയായി ഹാജരാവാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്.
2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്‍റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ ഈട്ടിത്തടികൾ മുറിച്ചു കടത്തുകയായിരുന്നു. പതിനഞ്ച് കോടിയോളം വില വരുന്ന തടികളാണ് മുറിച്ച് കടത്തിയത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ 105 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ വഞ്ചന, ഗുഢാലോചന എന്നിവയാണ് പ്രധാനകുറ്റങ്ങള്‍.
ഭൂപരിഷ്‌കരണ നിയമത്തിന് ശേഷം പട്ടയഭുമിയില്‍ ഉടമകള്‍ നട്ടുവളര്‍ത്തിയതും സ്വയം മുളച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ ഉടമള്‍ക്ക് മുറിച്ചുമാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്റ്റോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ച് മാറ്റിയത്.
1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം അനുവദിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുന്‍പ് ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്തിയതെന്ന് തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയിരുന്നു