ഹയര്‍ സെക്കന്‍ഡറി ലയനം: അനധ്യാപകര്‍ക്ക് ആശങ്ക

കെഇആര്‍ ചട്ടവും ഹൈക്കോടതി വിധിയും അട്ടിമറിച്ച് ലയനം നടപ്പാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാർ
Illustration of a school building.
Illustration of a school building.Image by brgfx on Freepik

ജിഷാ മരിയ

കൊച്ചി: ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപകര്‍ക്ക് ഇരട്ടി ജോലിയാകുമെന്ന് ആശങ്ക. അനധ്യാപകരുടെ നിലവിലുള്ള ജോലിഭാരം കണക്കിലെടുക്കാതെ ഇരട്ടി ജോലി അടിച്ചേല്‍പ്പിക്കുന്നതായാണ് ആക്ഷേപം.

കോളേജുകളില്‍ നിന്നു പ്രീഡിഗ്രി വേര്‍പ്പെടുത്തിയപ്പോള്‍ നഷ്ടപ്പെട്ട ലൈബ്രേറിയന്‍, ക്ലര്‍ക്ക്, മീനിയല്‍ തസ്തികള്‍ കെഇആര്‍ ചട്ടപ്രകാരം സൃഷ്ടിക്കണമെന്നു ആവശ്യപ്പെട്ടു കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2020 ജനുവരിയില്‍ ഹൈക്കോടതി തസ്തികകള്‍ അനുവദിച്ചു ഉത്തരവായിരുന്നു. എന്നാല്‍ കോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയാണുണ്ടായത്. സര്‍ക്കാര്‍ അപ്പീല്‍ 2021 ജനുവരിയില്‍ തള്ളി. കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി അസോസിയേഷന്‍ വീണ്ടും ഹര്‍ജി നല്‍കി.

ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ഇതിനിടെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കി ഹയര്‍ സെക്കന്‍ഡറി ലയനം ഉള്‍പ്പെടെയുള്ള കെ ഇ ആര്‍ പരിഷ്‌ക്കരണത്തിന് നിയമസഭ അംഗീകാരം നല്‍കി. പല എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ അനധ്യാപക ജീവനക്കാരെ കൊണ്ട് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജോലി ചെയ്യിപ്പിക്കുന്നുണ്ട്. ഇതു മൂലം ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയാണ്.

കെ.ഇ.ആര്‍ ചട്ടവും ഹൈക്കോടതി വിധിയും അട്ടിമറിച്ചു ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചിട്ടും ഹയര്‍ സെക്കന്‍ഡറിയിലെ അനധ്യാപക നിയമനം നടത്താത്ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍.വി മധു, ജനറല്‍ സെക്രട്ടറി ഷിനോജ് പാപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറിയിലെ അനധ്യാപക നിയമനം അട്ടിമറിക്കുന്ന ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് എയ്ഡഡ് സ്‌കൂളുകളിലെ അനധ്യാപകരുടെ പ്രമോഷന്‍ സാധ്യതയും ഇല്ലാതാക്കുമെന്നാണ് പരാതി. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആറായിരത്തിലധികം അനധ്യാപക തസ്തികകള്‍ സാമ്പത്തിക ബാധ്യതയുടെ പേരില്‍ അട്ടിമറിക്കുമ്പോള്‍ അത്രയും ചെറുപ്പക്കാരുടെ ജോലി പ്രതീക്ഷകളുമാണ് ഇല്ലാതാകുന്നത്.

ഖാദര്‍ കമ്മറ്റിയുടെ രണ്ടാംഘട്ട റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോഴും സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഹയര്‍സെക്കന്‍ഡറി അനധ്യാപക നിയമനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലും പുനഃപരിശോധനാ ഹര്‍ജിയും തള്ളി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നിയമന കാര്യത്തില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കാണ്.

നിലവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍, ക്ലാര്‍ക്ക്, മീനിസ്റ്റീരിയല്‍ ജീവനക്കാരുടെ അഭാവം സ്‌കൂള്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്‌കൂള്‍ തൂത്തുവാരാന്‍ പോലും ജീവനക്കാരില്ലാത്ത സാഹചര്യമാണ് പലയിടത്തും. കോടതി വിധിയെ തുടര്‍ന്ന് പുതിയ നിയമനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉദ്യോഗാര്‍ഥികള്‍ക്കിടയിലും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി ഹയര്‍ സെക്കന്‍ഡറി ലയനം ഉള്‍പ്പെടെയുള്ള കെ.ഇ.ആര്‍ പരിഷ്‌ക്കരണത്തിനായിരുന്നു നിയമസഭ അംഗീകാരം നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഹൈസ്‌കൂളിലെ അനധ്യാപകരെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ജോലികള്‍ നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിക്കുന്നതായി പരാതിയുണ്ട്.

ലയനം വന്നെങ്കിലും ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറിയിലോ തിരിച്ചോ പഠിപ്പിക്കേണ്ടതില്ലെന്നും അനധ്യാപകരെ മാത്രം പൊതുവായി ഉപയോഗിച്ച് മുന്നോട്ടുപോകാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശവും അനധ്യാപകരുടെ ഇടയില്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com