
ആലപ്പുഴ: പാർലമെന്‍റ് അംഗമെന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിജെപി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ‍്യസഭ എംപിയായിരുന്ന സമയത്തും ഇപ്പോൾ തൃശൂർ എംപിയായിരിക്കുമ്പോഴും പാർലമെന്‍റിൽ നിന്ന് കിട്ടിയ വരുമാനവും പെൻഷനും കൈകൊണ്ട് തൊട്ടിട്ടില്ല. ആർക്ക് വേണമെങ്കിലും പരിശോധിക്കാം.
താൻ ഈ തൊഴിലിന് വന്നയാളല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ ഇഷ്ടപെടുന്ന നേതാക്കൾക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താനെന്നും ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഈ തിരുമാനത്തിന് മാറ്റമുണ്ടായില്ലെന്നും എന്നാൽ തന്‍റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായതിന് ശേഷമാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടതായി വന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.