നോട്ട ചതിച്ചാശാനേ: കോട്ടയത്തെ ജയപരാജയങ്ങളിൽ മുഖ്യ പങ്ക് 'നോട്ടയ്ക്കും'

കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ചാഴികാടന് 4,20,294 വോട്ടാണ് ലഭിച്ചത്
NOTA
NOTA

#ബിനീഷ് മള്ളൂശേരി

കോട്ടയം: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ നോട്ടപ്പുള്ളിയായി 'നോട്ട'. ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാതെപോയ വോട്ടുകളുടെ എണ്ണം 10,000 ത്തിൽ അധികം. അന്തിമഫലം വന്നപ്പോൾ  1.43% വോട്ട് നോട്ടയ്ക്ക് ലഭിച്ചു. അതായത് 11933 വോട്ടുകൾ. കഴിഞ്ഞ തവണ 7150 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇത്തവണ 4783 വോട്ടുകൾ അധികം. 14 സ്ഥാനാർഥികൾ ഇത്തവണ മത്സരിച്ച കോട്ടയത്ത് ആദ്യ 3 മുന്നണി സ്ഥാനർഥികൾ കഴിഞ്ഞാൽ വിജയശതമാനം നോട്ടയ്ക്ക് തന്നെ.

43.6% വോട്ടുകൾ (3,64,631) നേടി യുഡിഎഫിലെ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ് ) വിജയം കൈപ്പിടിയിലൊതുക്കി ഒന്നാമതെത്തിയപ്പോൾ,  എൽഡിഎഫിലെ തോമസ് ചാഴികാടൻ (കേരള കോൺഗ്രസ് എം) 33.17 % വോട്ടുകൾ (2,77,365) നേടി രണ്ടാമനായി. മൂന്നാമനായ  എൻഡിഎയിലെ (ഭാരത് ധർമ്മ ജന സേന) തുഷാർ വെള്ളാപ്പള്ളി നേടിയത് 19.74% (1,65,046) വോട്ടുകളാണ്. പിന്നീടങ്ങോട്ട് 11 സ്ഥാനാർഥികൾക്കും അഞ്ചക്കം കാണാൻ സാധിച്ചില്ല അഥവാ 1% വോട്ടുകൾ പോലും ലഭിച്ചില്ല.

കഴിഞ്ഞ തവണ യുഡിഎഫിൽ നിന്ന് കോട്ടയത്ത് വിജയിച്ച കേരള കോൺഗ്രസ് എം സ്ഥാനാർഥി തോമസ് ചാഴികാടൻ ഇക്കുറി ഇടതു മുന്നണിയ്‌ക്കൊപ്പം ചേർന്ന് മത്സരിച്ചതിലുള്ള വിരോധമാണ് ഈ തെരഞ്ഞെടുപ്പിൽ 'നോട്ട' താരമാകാനുള്ള കാരണമെന്നാണ് പൊതുവെയുള്ള ഒരു സംസാരം. ഒപ്പം കേരള കോൺഗ്രസിനോടുള്ള വിരോധം തീർക്കാൻ സിപിഎം പ്രവർത്തകരും ഇക്കുറി നോട്ടയ്ക്ക് കൊടുത്തു എന്നും ചിലർ അക്ഷരങ്ങളുടെ നാട്ടിൽ അടക്കം പറയുന്നുണ്ട്. പിറവം ഭാഗത്തുള്ളവർ തോമസ് ചാഴികാടൻ്റെ തോൽവിക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പ് തന്നെ നാട്ടുകാർക്ക് 'പോത്തുകറിയും പിടിയും' കൊടുത്ത് ആഘോഷിച്ചത്. ചാഴികാടൻ്റെ അനുയായികൾ തന്നെയായിരുന്നു ഇതിൻ്റെ പിന്നിലെന്നത് രസകരം. ഈ ഭാഗത്തുനിന്നുമൊക്കെ നോട്ട നോട്ടമിട്ടിരുന്നു എന്ന് കരുതാം.

കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ചാഴികാടന് 4,20,294 വോട്ടാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വി.എൻ വാസവൻ നേടിയത് 3,134 ,92 വോട്ടും.  ഇക്കുറി മറുകണ്ടം ചാടി എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയ തോമസ് ചാഴികാടന് 2,74884 വോട്ട്. മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ വാസവന് ലഭിച്ചതിനേക്കാൾ 38608 വോട്ടാണ് കുറഞ്ഞത്. ഇതിൽ നിന്നും ചിലതൊക്കെ ഊഹിച്ചെടുക്കാൻ വയ്യേ എന്ന് ഇടത് മുന്നണിയിലെ ചിലരും ചിരിയോടെ പറയുന്നു.

കോട്ടയത്തെ വോട്ട് നില ഇങ്ങനെ:

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 277365 (33.17 % )

2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 7223 (0.86%)

3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1595 (0.19%)

4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 165046 ( 19.74%)

5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 1637 (0.2%)

6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 364631 (43.6%)

7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 1087 (0.13%)

8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- 893 (0.11 %)

9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ - 1489 (0.18%)

10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-421 (0.05%)

11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ - 710 (0.08%)

12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-527 (0.06%)

13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 927 (0.11 %)

14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-739 (0.09%)

15. നോട്ട - 11933 (1.43%)

Trending

No stories found.

Latest News

No stories found.