

v sivankutty | vd satheesan
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കെതിരായ വൃക്തി അധിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. സിപിഎം എംഎൽഎ വി. ജോയ് ആണ് പരാതി നൽകിയത്.
ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് പഠിക്കേണ്ടി വന്നത് വിദ്യാർഥികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷിയായ ഒരു മന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നുമാണ് സതീശൻ പറഞ്ഞത്. മന്ത്രിസഭയിൽ നടന്ന വാദപ്രതിവാദത്തിനിടെയായിരുന്നു സതീശന്‍റെ വ്യക്തി അധിക്ഷേപം.
"നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്‍റെ ചരിത്രത്തിലില്ല. ശിവൻകുട്ടി മന്ത്രിയായിരിക്കുമ്പോൾ സ്കൂൾ പഠിക്കേണ്ടി വന്ന വിദ്യാർഥികളുടെ ഗതികേട്" എന്നും വി.ഡി. സതീശൻ ചൊവ്വാഴ്ച പറഞ്ഞത്.