

എസ്എൻഡിപിയുമായി ഐക്യം വേണ്ടെന്ന് എൻഎസ്എസ്, പ്രായോഗികമല്ലെന്ന് വിലയിരുത്തൽ
File image
തിരുവനന്തപുരം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്. തിങ്കളാഴ്ച ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് വിലയിരുത്തൽ. വാർത്താകുറിപ്പിലൂടെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനം അറിയിച്ചത്.
എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം എന്ന നിലപാട് തുടരുമെന്നും നേതൃത്വം വ്യക്തമാക്കി. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം പേരും എതിർത്തു. ഇതോടെ സുകുമാരൻ നായരും ഐക്യം വേണ്ടെന്ന നിലപാട് ശരിവച്ചു. ഡയറക്ടർ ബോർഡിന്‍റെ അറിയിപ്പിൽ ഒപ്പുവച്ചിട്ടുള്ളതും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെയാണ്.
നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കൂടിക്കാഴ്ച നടത്തി ഐക്യ നീക്കം ശക്തമാക്കിയിരുന്നു. എൻഎസ്എസ് തീരുമാനത്തിന്റെ പൂർണരൂപം അറിഞ്ഞശേഷം മറുപടി പറയാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.