ഇടതുമുന്നണി യോഗത്തിൽ വേദി പങ്കിട്ടു; എൻഎസ്എസ് യൂണിയൻ പ്രസിഡന്‍റിനെ പുറത്താക്കി

മീനച്ചിൽ താലൂക്ക് യൂണിയനിലെ 13 അംഗങ്ങളെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്നയിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയ ശേഷമാണ് നടപടിയെടുത്തത്
ഇടതുമുന്നണി യോഗത്തിൽ വേദി പങ്കിട്ടു; എൻഎസ്എസ് യൂണിയൻ പ്രസിഡന്‍റിനെ പുറത്താക്കി

കോട്ടയം: ഇടതുമുന്നണിയുടെ യോഗത്തിൽ വേദി പങ്കിട്ട നായർ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പ്രസിഡന്‍റിനെ പുറത്താക്കി. "സമദൂരം, ശരിദൂരം' എന്ന എന്ന സംഘടനാ നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ച മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സി.പി. ചന്ദ്രൻ നായരെയാണ് എൻഎസ്എസ് നേതൃത്വം പുറത്താക്കിയത്. വൈസ് പ്രസിഡന്‍റിന് പകരം ചുമതല നൽകി. എന്നാൽ താൻ രാജിവയ്ക്കുകയായിരുന്നു ന്ന് ചന്ദ്രൻ നായർ പറയുന്നു.

എൽഡിഎഫ് കോട്ടയം പാർലമെന്‍റ് മണ്ഡലം സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ തോമസ് ചാഴികാടനും ജോസ് കെ. മാണിക്കുമൊപ്പം സജീവ സാന്നിധ്യമായി ചന്ദ്രൻ നായരുമുണ്ടായിരുന്നു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കരയോഗം പ്രവർത്തകരുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഎസ്എസ് നേതൃത്വത്തിന്‍റെ നടപടി.

മീനച്ചിൽ താലൂക്ക് യൂണിയനിലെ 13 അംഗങ്ങളെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്നയിലേക്ക് വിളിച്ചുവരുത്തി ചർച്ചകൾ നടത്തിയ ശേഷമാണ് നടപടിയെടുത്തത്. യൂണിയൻ വൈസ് പ്രസിഡന്‍റ് ഷാജികുമാർ ചെയർമാനായി പുതിയ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് താലൂക്ക് യൂണിയന്‍റെ ഭരണച്ചുമതല നൽകി.

എൻഎസ്എസിന്‍റെ വിവിധ ഘടകങ്ങളുടെ ചുമതലകളിലുള്ളവർ ഒരു രാഷ്‌ട്രീയ പാർട്ടിക്കു വേണ്ടിയും പരസ്യമായി പ്രവർത്തക്കരുതെന്നാണു തീരുമാനം. അതു കൃത്യമായി പാലിക്കണമെന്ന് നേതൃത്വം കർശന നിർദേശം എല്ലാവർക്കും നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com