Kerala
തൃശൂരിലെ നഴ്സുമാരുടെ സമരം വിജയം; മുഴുവൻ സ്വകാര്യ ആശുപത്രികളും ശമ്പളം വർധിപ്പിച്ചു
1500 രൂപയായി പ്രതിദിന വേതനം വർധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎൻഎ സമരം പ്രഖ്യാപിച്ചിരുന്നത്
തൃശൂർ: തൃശൂരിൽ നഴ്സുമാരുടെ സമരം വിജയം കണ്ടു. ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാർ നടത്തിയ സമരത്തിനൊടുവിൽ ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിക്കുകയായിരുന്നു. ആകെയുള്ള 30 ആശുപത്രികളിൽ 29 മാനേജ്മെന്‍റുകളും ഇന്നലെ തന്നെ വേതനം വർധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമാണ് ഇന്നലെ വേതനം വർധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തേക്ക് കടക്കുകയായിരുന്നു.
1500 രൂപയായി പ്രതിദിന വേതനം വർധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎൻഎ സമരം പ്രഖ്യാപിച്ചിരുന്നത്. ആദ്യ ദിനം തന്നെ 29 ആശുപത്രികളും ആവശ്യം അംഗീകരിച്ചത് വിജയമായി. പിന്നീട് എലൈറ്റ് ആശുപത്രിമാത്രമാണ് വഴങ്ങാതിരുന്നത്. ഇന്ന് എലൈറ്റ് ആശുപത്രിയും കൂടി ആവശ്യം അംഗീകരിച്ചതോടെ സമരം പൂർണ വിജയം കണ്ടു.

