
പത്തനംതിട്ട: നഴ്സിങ് വിദ‍്യാർഥിനി അമ്മു സജീവിന്‍റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്‌ടർമാർക്കും ജീവനക്കാർക്കുമെതിരേ കേസെടുത്തു. അമ്മുവിനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ഡ‍്യൂട്ടി ഡോക്‌ടർ, ഓർത്തോ ഡോക്‌ടർ, ജീവനക്കാർ തുടങ്ങിയവർക്കെതിരേയാണ് കേസ്. അമ്മുവിന്‍റെ പിതാവ് സജീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
നവംബർ 15 നായിരുന്നു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അമ്മുവിനെ ആദ‍്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് റെഫർ ചെയ്തു. മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിന്‍റെ മരണം. അമ്മുവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുബം ആരോപിച്ചെങ്കിലും ആത്മഹത‍്യയാണെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.