
ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലേക്കു കൊണ്ടുപോയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോർഡ്.
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിനു മുന്നിലുള്ള സ്വര്‍ണ ദ്വാരപാലകരെ അനുമതിയില്ലാതെ ഇളക്കി ചെന്നൈയിലേക്കു കൊണ്ടുപോയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് അവമതിപ്പുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള സംഘടിത ഗൂഢശ്രമമാണിതെന്നു ബോര്‍ഡ് അധികൃതര്‍ പറയുന്നു.
താന്ത്രിക നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പാളികള്‍ സമർപ്പിച്ച ഭക്തന്‍റെ ചെലവില്‍, വിധിപ്രകാരം ഓണം പൂജകള്‍ കഴിഞ്ഞ് നട അടയ്ക്കുന്ന ദിവസം എടുത്തു കൊണ്ടുപോകുന്നതിനും, കന്നിമാസം മൂന്നാം തീയതി ശുദ്ധിക്രിയകള്‍ നടത്തി തിരികെ സ്ഥാപിക്കുന്നതിനും അനുമതി നല്‍കിയതെന്നും ബോര്‍ഡ് വ്യക്തമാക്കി.
ശബരിമല ശ്രീകോവിലിനു മുന്നില്‍ ഇരുവശത്തും ഉള്ള ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണം പൂശിയ ചെമ്പു പാളികളാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്‍റെയും അനുമതിയോടെ, ഇതു നിർമിച്ചു സമര്‍പ്പിച്ച ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്.
തിരുവാഭരണങ്ങളുടെ ചുമതലയുള്ള തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ശബരിമല അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, ദേവസ്വം സ്മിത്ത്, വിജിലന്‍സ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ദേവസ്വം വിജിലന്‍സിലെ രണ്ടു പൊലീസുകാര്‍, രണ്ടു ദേവസ്വം ഗാര്‍ഡ്, ഈ പാളികള്‍ വഴിപാടായി സമര്‍പ്പിച്ച സ്‌പോണ്‍സറുടെ പ്രതിനിധി എന്നിവര്‍ ചേര്‍ന്നു സുരക്ഷിതമായ വാഹനത്തിലാണു ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.