

വി.ഡി. സതീശൻ
കൊച്ചി: കൊച്ചിയെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിഡ്നി, സിംഗപ്പൂർ മോഡലിൽ രാജ്യാന്തര നിലവാരത്തിലുള്ള ഓഷ്യനേറിയം കൊച്ചിയിൽ സ്ഥാപിക്കും. ഇതിനായി 30 ഏക്കർ സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗര ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിച്ചു നടപ്പാക്കുന്ന സമഗ്ര നഗരാസൂത്രണ പദ്ധതിയുടെ നടപടിക്രമങ്ങൾ ഈ മാസം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോ, വാട്ടർ മെട്രോ, ബോട്ടിങ് സംവിധാനങ്ങളും പുഴകളുടെ കണക്റ്റിവിറ്റി, റോഡ് ഗതാഗതം എന്നിവയും സമഗ്രമായി സംയോജിപ്പിച്ച് ആധുനിക നഗരങ്ങളുടെ മാതൃകയിലുള്ള പൈലറ്റ് പ്രോജക്ടാണ് നടപ്പാക്കുക. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രന്റെ സാമൂഹിക സേവനത്തിന്റെ സുവർണ ജൂബിലി ആദരച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
"നഗരത്തോടു ചേർന്നു ഫിലിം സിറ്റിക്കായുള്ള പ്രാഥമിക പ്രവർത്തനങ്ങളും ആരംഭിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും സമുദ്ര ചരിത്രത്തെ അനാവരണം ചെയ്യുന്ന മാരിടൈം മ്യൂസിയവും നദികളെ ബന്ധിപ്പിക്കുന്ന റിവർ ക്രൂസ് പദ്ധതിയും നിലവിൽ വരും. സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പോർട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൊച്ചിയിൽ ആഗോള നിലവാരത്തിലുള്ള ക്രൂസ് ടെർമിനൽ സജ്ജമാക്കും. വർഷങ്ങളായി തീരുമാനമാകാതെ കിടന്നിരുന്ന രാമൻതുരുത്തിലെ 18 ഏക്കർ കൊച്ചിൻ ഷിപ്‌യാഡിന് വിട്ടുകൊടുക്കാൻ ഒറ്റ ആഴ്ച കൊണ്ട് തീരുമാനമെടുത്തെന്നും ഇതുവഴി 5,000 കോടി രൂപയുടെ നിക്ഷേപമെത്തും. പദ്ധതിയിലൂടെ 2,500 പേർക്കു നേരിട്ടും ഇരട്ടിയിലധികം പേർക്കു പരോക്ഷമായും തൊഴിൽ അവസരങ്ങൾ ലഭിക്കും".- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.