
ഓണത്തിന് വിറ്റത് 842 കോടി രൂപയുടെ മദ്യം
freepik.com
തിരുവനന്തപുരം: ഓണത്തിന് ഇത്തവണയും മദ്യവിൽപ്പന പൊടിപൊടിച്ചു. കഴിഞ്ഞ വർഷം ഓണം വിൽപ്പന 776 കോടി രൂപയിൽ നിന്ന് ഈ വർഷം 842.07 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം 126 കോടി രൂപയായിരുന്ന ഉത്രാടം വിൽപ്പന 137 കോടി രൂപയായി. സംസ്ഥാനത്തെ ആറ് കടകൾ ഒരു കോടിയിലധികം വരുമാനം നേടി. സൂപ്പർ പ്രീമിയം ഷോപ്പും റെക്കോർഡ് വിൽപ്പന നടത്തി. ഇത്തവണ 67 ലക്ഷം രൂപയുടെ പ്രീമിയം ഇനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 മടങ്ങ്.
സൗകര്യങ്ങൾ വർധിപ്പിച്ച് പുതുക്കിയതോടെയാണ് വിൽപ്പനയും കൂടിയതെന്നാണ് വിലയിരുത്തൽ. കൊല്ലം കരുനാഗപള്ളിയിലാണ് ഉത്രാടനാളിൽ ഏറ്റവും അധികം ആവശ്യക്കാർ എത്തിയത്. 1.46 കോടി രൂപയുടെ വിൽപ്പന. ആശ്രാമം ഔട്ട്ലെറ്റ് 1.24 കോടി രൂപയുടെ വിൽപ്പനയോടെ തൊട്ട് പിന്നിലെത്തി.
എടപ്പാൾ കുറ്റിപ്പാല ഷോപ്പിൽ 1.11 കോടി രൂപയുടെ മദ്യവും വിറ്റുപോയി. ലക്കുടിയും(107.39) ഇരിഞ്ഞാലക്കുടയും (102.97) ഇത്തവണ യഥാക്രമം തൊട്ടു പിന്നിലാണ്. കൊല്ലം ജില്ലയിലെ തന്നെ കുണ്ടറ ഷോപ്പാണ് (100.110 ഒരു കോടി പിന്നിട്ട ആറാമത്തെ ഷോപ്പ്.
ഏപ്രിൽ ഒന്ന് മുതൽ ആരംഭിച്ച പാദത്തിൽ സെപ്തംബർ നാല് വരെ 8962.97 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഈ സമയം സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത് 7892.17 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദവർഷത്തിലെ വിൽപ്പന 8267.74 കോടിയായിരുന്നു. നികുതിയായി ലഭിച്ചത് 7252.96 കോടിയുമാണ്.