
ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ
പാലക്കാട്: ഓണക്കാല യാത്രയോടനുബന്ധിച്ച് മംഗളൂരുവിനും ബംഗളൂരുവിനും ഇടയില്‍ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഞായറാഴ്ച 11 മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബംഗളൂരുവിലെത്തും. കോഴിക്കോട് - പാലക്കാട് - ഈറോഡ് വഴിയാണ് ബംഗളൂരുവിലേക്കുളള ട്രെയിൻ സർവീസ്.
ശനിയാഴ്ച രാവിലെ എട്ടു മണി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊറണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിശോധിച്ച ശേഷം അനുവദിക്കുമെന്ന് റെയിൽവേ അറിയിച്ചു.
തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 3:50-ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മംഗളൂരുവിലെത്തിച്ചേരും. മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, പോതന്നൂര്‍, തിരുപ്പുര്‍, ഈരോട്, സേലം, ബംഗാരപേട്, കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളൂരു എന്നീ സ്റ്റേഷനുകളിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തുക.
ഒരു സര്‍വീസ് മാത്രമാണ് നടത്തുക. ഒരു എസി ടു ടയര്‍ കോച്ച്, മൂന്ന് എസി ത്രീ ടയര്‍ കോച്ചുകള്‍, 14 സ്ലീപ്പര്‍ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ സ്‌പെഷ്യല്‍ ട്രെനില്‍ ഉണ്ടാകും.