മെഴുക് പ്രതിമയായി ഉമ്മൻചാണ്ടി, വിതുമ്പലോടെ മറിയാമ്മ ഉമ്മൻ

oommen chandy first death anniversary
മെഴുക് പ്രതിമയായി ഉമ്മൻചാണ്ടി, വിതുമ്പലോടെ മറിയാമ്മ ഉമ്മൻ
Updated on

തിരുവനന്തപുരം: ചീകിയൊതുക്കാതെ പാറിപ്പറക്കുന്ന മുടിയിഴകള്‍, സ്വതസിദ്ധമായ പുഞ്ചിരി, മുഖത്തേക്കൊന്ന് നോക്കുന്ന ആരും ഒരു നിമിഷം അമ്പരന്ന് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ കണ്ടു ഭാര്യ മറിയാമ്മയും മകള്‍ മറിയയും വിതുമ്പി. അദ്ദേഹത്തിന്‍റെ സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിച്ച് നിര്‍ത്തിയ പ്രതിമ കണ്ട് ഭാര്യ കൈയ്യിലും കവിളിലും തൊട്ടുകൊണ്ട് ഓര്‍മകളിലേക്ക് പോയി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സുനില്‍സ് വാക്സ് മ്യൂസിയത്തിലാണ് ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമ സ്ഥാപിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഊര്‍ജസ്വലനായ ഉമ്മന്‍ ചാണ്ടി മുമ്പില്‍ വന്ന് നില്‍ക്കുന്നതായി തോന്നുന്നുവെന്ന് മറിയാമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിമയുടെ അടുത്തെത്തിയപ്പോള്‍ ഭര്‍ത്താവ് അടുത്ത് വന്ന് നില്‍ക്കുന്നതുപോലെ തോന്നി. ഉമ്മന്‍ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകള്‍ ഇപ്പോഴും ഹൃദയത്തിലാണെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സ്വതന്ത്രനായിട്ടല്ല വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ ലേബിലിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്ലാതെ ഒന്നുമില്ല. കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കാന്‍ ആവില്ല. അത് നന്ദികേട്. വിഴിഞ്ഞം ദത്തെടുക്കാനേ കഴിയു, പിതൃത്വം ഉമ്മന്‍ചാണ്ടിക്കാണെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.

മെഴുക് പ്രതിമ ഉണ്ടാക്കുന്നതില്‍ സാധാരണ എതിര്‍പ്പാണെങ്കിലും ഈ മെഴുക് പ്രതിമ കണ്ടപ്പോള്‍ ജീവന്‍ തുടിക്കുന്നത് പോലെ തോന്നിയെന്ന് മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മനും പറഞ്ഞു. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി അങ്കണത്തില്‍ ഇന്ന് രാവിലെ 11ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. നാളെ രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ പ്രാര്‍ഥനയും ഉണ്ടാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com