തിരുവനന്തപുരം: വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലൈസന്‍സ് അനുവദിക്കുന്നതിലും പുതുക്കി നല്‍കുന്നതിലും ക്രമക്കേട് കണ്ടെത്താൻ വിജിലൻസിന്‍റെ മിന്നൽ പരിശോധന. "ഓപ്പറേഷന്‍ വിസ്‌ഫോടന്‍' എന്ന പേരില്‍ ബുധനാഴ്ച രാവിലെ 11 മുതല്‍ 14 ജില്ല കലക്റ്ററേറ്റുകളും ലൈസന്‍സ് നേടിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അപേക്ഷകളില്‍ ശരിയായ പരിശോധന നടത്താതെ ലൈസന്‍സുകള്‍ അനുവദിക്കുന്നതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ആലപ്പുഴയിലെ ചില അപേക്ഷകളില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളിൽ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ 2022 ജൂണില്‍ മരിച്ച ലൈസന്‍സിയുടെ ലൈസന്‍സ് നാളിതുവരെ റദ്ദു ചെയ്തിരുന്നില്ല. പാലക്കാട് ക്രൈം കേസില്‍ ഉള്‍പ്പെട്ട പ്രതിക്ക് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ ലൈസന്‍സ് അനുവദിച്ചതും ചങ്ങനാശേരിയിൽ പൊലീസിന്‍റെ റിപ്പോര്‍ട്ടിന് വിരുദ്ധമായി ലൈസന്‍സ് പുതുക്കി നല്‍കിയതും കണ്ടെത്തി.
822 അപേക്ഷകള്‍ നിലവില്‍ തീര്‍പ്പ് കല്പിക്കാതെ വിവിധ കലക്റ്ററേറ്റുകളില്‍ കെട്ടികിടക്കുകയാണ്. കോഴിക്കോട് 345, എറണാകുളം 185, മലപ്പുറം 74, പാലക്കാട് 48, കണ്ണൂര്‍ 40, തിരുവനന്തപുരം 31, കാസര്‍കോഡ്, തൃശൂര്‍ 28 വീതവും ആലപ്പുഴ 16, കൊല്ലം 15, കോട്ടയം 5, വയനാട് 4, പത്തനംതിട്ട 3 എന്നിങ്ങനെയാണ് അപേക്ഷകള്‍ തീര്‍പ്പ് കല്പിക്കാതിരിക്കുന്നത്.
കലക്റ്റര്‍മാര്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ ഓഫീസിലേയ്ക്ക് അയയ്ക്കുന്ന അപേക്ഷകള്‍ ബന്ധിച്ച രജിസ്റ്ററുകള്‍ തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ പല കലക്റ്ററേറ്റുകളിലും സൂക്ഷിക്കുന്നില്ല. കണ്ണൂര്‍ കലക്റ്ററേറ്റില്‍ ലൈസന്‍സ് നല്‍കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍ അപൂര്‍ണമായിരുന്നു. ലൈസന്‍സ് നേടിയ സ്ഥാപനങ്ങളില്‍ പലതിലും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സ്റ്റോക്ക് രജിസ്റ്റര്‍ പരിപാലിക്കുന്നില്ല. എറണാകുളം കീഴ്മടങ്ങ് ലൈസന്‍സ് നേടിയ സ്ഥാപനത്തില്‍ മാഗസിനില്‍ സൂക്ഷിയ്‌ക്കേണ്ട വെടിമരുന്ന് രണ്ട് വാഹനത്തില്‍ സൂക്ഷിച്ചിരുന്നു. പുനലൂരില്‍ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന് കെട്ടിടനമ്പര്‍ ഉണ്ടായിരുന്നില്ല. അവിടെ ക്യാമറ, മണല്‍ നിറച്ച ബക്കറ്റ്, തീ അണയ്ക്കാനുള്ള സംവിധാനം എന്നിങ്ങനെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. കെട്ടിടത്തിന് ഏകദേശം 30 മീറ്റര്‍ മാറി ജനങ്ങള്‍ താമസിക്കുന്നു. കൊല്ലം ചുണ്ടോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലും സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.
പരിശോധന രാത്രി വൈകിയാണ് പൂര്‍ത്തിയായത്. ലൈസന്‍സുകള്‍ നേടിയ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന വ്യാഴാഴ്ചയും തുടരുമെന്നും ക്രമക്കേടുകളെ പറ്റി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും വിജിലന്‍സ് അറിയിച്ചു. പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്തു.