
''രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി ചർച്ച ചെയ്യണം''; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്‍റെ വധഭീഷണി നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ. പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് കാട്ടിയാണ് സ്പീക്കർ എ.എൻ. ഷംസീർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
പിന്നാലെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കർക്കെതിരേ മുദ്രാവാക്യം വിളിച്ചു.
ബിജെപിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രിന്‍റു മഹാദേവിനെ അറസ്റ്റു ചെയ്യാത്തത് ബിജെപിയെ ഭയന്നാണ്. ഗൗരവമുള്ള കാര്യമാണിത്. ഇതിനെ നിസാരമായി കാണാനാവില്ലെന്നും സതീശൻ പറഞ്ഞു.
ഒരു ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പ്രിന്‍റു മഹാദേവിന്‍റെ കൊലവിളി പ്രസംഗം. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്‍റു മഹാദേവിന്‍റെ പരാമർശം.